പാലക്കാട് കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ മുഖ്യമന്ത്രിയ്ക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിരൽ നക്കിയിട്ടാണ് പിണറായി വിജയൻ കേസുകൾ ഒത്തു തീർപ്പാക്കിയതെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പരാമർശം.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുധാകരൻ. പൊലീസുകാർ നാറികളാണെന്നും സുധാകരൻ പറഞ്ഞു. സോറി പോലും പറയാൻ മര്യാദ കാണിക്കാത്ത നാറികളാണ് പൊലീസ് എന്നായിരുന്നു സുധാകരൻ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്.
ഇങ്ങനെയുള്ള പൊലീസുകാരെ വെച്ചുകൊണ്ടിരിക്കാൻ പാടില്ലെന്നും ഈ സംഭവത്തെ നിയമപരമായി നേരിടുമെന്നും കെ സുധാകരൻ പറഞ്ഞു. പൊലീസിന്റെ ഈ ഒറ്റ രാത്രിയിലെ നടപടികൾ കൊണ്ട് ജയിക്കാവുന്ന വോട്ടിന്റെ ഇരട്ടി രാഹുൽ നേടിക്കഴിഞ്ഞുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കൈവിരൽ നക്കിയിട്ടാണ് പിണറായി വിജയൻ കെ സുരേന്ദ്രന്റെ ഉൾപ്പെടെയുള്ള കള്ളപ്പണക്കേസുകൾ ഒത്തു തീർപ്പാക്കിയത്. സിപിഎം നശിക്കാൻ പാടില്ല എന്നാണ്. പക്ഷെ നാശത്തിന്റെ പാതയിലേക്കാണ് അവർ പോകുന്നതെന്നും സുധാകരൻ പറഞ്ഞു.