കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ. ശബ്ദം കേട്ട് വീട്ടുകാർ ഓടി രക്ഷപ്പെട്ടു. ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുൾ പൊട്ടിയത്. 11 വീടുകൾ പൂർണ്ണമായും തകർന്നതായാണ് വിവരം. നാൽപതോളം വീട്ടുകാർ ഒറ്റപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത സാഹചര്യമാണ്.
അതിനിടെ വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 67 ആയി ഉയർന്നു.നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. രക്ഷാദൈത്യത്തിനായി സൈന്യം എത്തിച്ചേരും. കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സുളൂരിൽ നിന്നും എത്തും.
എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈയിൽ എത്തി. ആർമി ടീം കോഴിക്കോട് നിന്നും തിരിച്ചിട്ടുണ്ട്. സുലൂരിൽ നിന്നും ഹെലികോപ്റ്ററുകൾ പുറപ്പെട്ടു. പ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ഉൾപ്പെടെ സംഘത്തിലുണ്ട്. 2 സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം ഉപയോഗി ക്കുക. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബെറ്റാലിയനിൽ നിന്നും ഒരു കമ്പനി ഉടൻ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. ആർമി, എയർ ഫോഴ്സ്, നേവി തുടങ്ങിയ സേനാ വിഭാഗങ്ങൾ വയനാട്ടിലേക്ക് എത്തും. സതേൺ മേഖലയിലുള്ള സേനാ വിഭാഗങ്ങളോട് ഉടൻ വയനാട്ടിലെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.