കൊല്ലം: കൊല്ലത്ത് ഗർഭിണിയായ കുതിരയെ കെട്ടിയിട്ട് അതിക്രൂരമായ മർദ്ദിച്ച സംഭവത്തിൽ യുവാക്കൾക്കെതിരെ കർശന നടപടി.ഇതുസംബന്ധിച്ച് മന്ത്രി ജെ ചിഞ്ചുറാണി പൊലീസിന് നിർദ്ദേശം നൽകി. കൊല്ലം വടക്കേവിള സ്വദേശി ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ദിയ എന്ന ഗർഭിണിയായ കുതിരയെയാണ് ആറംഗസംഘം അതിക്രൂരമായി മർദ്ദിച്ചത്. വാഹനങ്ങളിലെത്തിയ ഒരു പറ്റം യുവാക്കൾ നീണ്ട വടിയുപയോഗിച്ച് കുതിരയെ ആക്രമിക്കുകയായിരുന്നു.കുതിരയുടെ വയറ്റലിലുൾപ്പെടെ സംഘം ചവിട്ടി.
വ്യാഴാഴ്ച്ച വൈകിട്ട് നാല് മണിക്കാണ് സംഭവം നടന്നത്. കുതിരയെ പകൽ സമയത്ത് അയത്തിൽ തെക്കേക്കാവ് ഭഗവതിക്ഷേത്ര പരിസരത്താണ് കെട്ടിയിട്ടിരുന്നത്. വൈകുന്നേരം കുതിരയെ അഴിക്കാനെത്തിയപ്പോഴാണ് കുതിരയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടത്. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് കുതിരയെ ആറംഗ സംഘം എത്തി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്.
ഒരാൾ കുതിരയെ കയറിൽ പിടിച്ച് കെട്ടിയിരുന്ന തെങ്ങിനോടു ചേർത്ത് അനങ്ങാനാകാത്തവിധം നിർത്തി. തുടർന്ന് മറ്റുള്ളവർ ആക്രമണം തുടരുകയായിരുന്നു. വടികൊണ്ടും കൈകാലുകൾ ഉപയോഗിച്ചും കുതിരയെ അതിക്രൂരമായി മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
സംഘത്തിലൊരാൾ കാൽമുട്ട് മടക്കി തുടർച്ചയായി കുതിരയുടെ നെഞ്ചിൽ തൊഴിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിലെ സംഘത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. പരിക്കറ്റ കുതിരയെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.