കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണ പുരോഗതി അറിയിക്കാണമെന്ന് നിര്‍മദശിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറിന് ഹൈക്കോടതി നോട്ടീസ് നല്‍കി. എന്‍ഫോഴ്‌സ്‌മെന്റിന് പുറമേ ആദായനികുതി വിഭാഗത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും കോടതി നോട്ടീസ് അയച്ചു. മൂന്നാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.
കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ അമ്പതാം സാക്ഷിയായ സന്തോഷാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് 2021ല്‍ തന്നെ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാര്യമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എത്രയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇഡിക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് സന്തോഷിന്റെ ആവശ്യം.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി 40 കോടി 40 ലക്ഷം രൂപ കേരളത്തിലെത്തിച്ചുവെന്നും ബി.ജെ.പി. നേതാക്കളുടെ പേര് വിവരങ്ങളടക്കമാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഇതില്‍ കാര്യമായ അന്വേഷണം നടത്തുന്നില്ലായെന്നുമാണ് സന്തോഷിന്റെ പരാതി. മൂന്ന് ആഴ്ചക്ക് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.
ബി.ജെ.പി. തൃശൂര്‍ ജില്ലാകമ്മിറ്റി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും ചര്‍ച്ചയായത്. കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി ഡിസിപി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള എട്ട് അംഗ സംഘമടങ്ങിയ പുതിയ ടീം ആണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് ഡിജിപി കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്.