കൊച്ചി : കൊച്ചി മാടവനയിലെ ബസ് അപകടത്തിന് കാരണം കല്ലട ബസിന്റെ അമിത വേഗതയെന്ന് നിഗമനം. മഴപെയ്‌ത് നനഞ്ഞ് കിടന്ന റോഡിൽ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് ബസിന്റെ നഷ്ടപ്പെടാനുണ്ടായ കാരണം. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലാണ് ഈ കണ്ടെത്തൽ.
ബസിന്റെ പുറകിൽ ഇടതുവശത്തെ രണ്ട് ടയറുകളും ഏറെക്കുറെ തേഞ്ഞ് തീർന്ന നിലയിലായിരുന്നു. കഴിഞ്ഞ ദിവസത്തെ ബസ് അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചിരുന്നു.കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് കൊച്ചി മടവനയിൽ അമിതവേഗത്തിലെത്തിയ ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് തെന്നി മറിഞ്ഞ് ബൈക്കിൻ്റെ മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന 12 ഓളം പേർക്ക് പരിക്കേറ്റിരുന്നു.
# മാടവനയിലെ ബസ്സ് അപകടം; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു
മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ കസ്റ്റഡിയിൽ. തമിഴ്‌നാട് തെങ്കാശി സ്വദേശി പാൽപ്പാണ്ടിയെയാണ് കസ്റ്റഡിയിൽ എടുത്തത്. അപകടത്തിൽ പരിക്കേറ്റ പാൽപ്പാണ്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ് ആണ് ഇന്നലെ രാവിലെ അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ ബൈക്ക് യാത്രികനായ ഇടുക്കിൽ വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യൻ മരണപ്പെട്ടു. ഇടപ്പള്ളി- അരൂർ ദേശീയ പാത ബൈപ്പാസിൽ വച്ച് ബസ് സിഗ്‌നൽ പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്‌നൽ കാത്തുനിൽക്കുകയായിരുന്നു. കൊച്ചിയിലെ വസ്ത്രാലത്തിൽ ജീവനക്കാരനാണ് മരിച്ച ജിജോ സെബാസ്റ്റ്യൻ.