കൊച്ചി: കലൂർ സ്‌റ്റേഡിയംമുതൽ ഇൻഫോപാർക്കുവരെയുള്ള കൊച്ചി മെട്രോ രണ്ടാംപാതയുടെ നിർമാണം ബുധൻ രാവിലെ കാക്കനാട് കുന്നുംപുറത്ത് തുടങ്ങി. വയഡെക്ട് സ്ഥാപിക്കാനുള്ള തൂണിന്റെ പൈലിങ് ജോലിയാണ് അഫ്‌കോൺസ് ഇൻഫ്രാസ്‌ട്രക്‌ചർ ആരംഭിച്ചത്.
11.2 കിലോമീറ്റർ ആകാശപാതയുടെയും 10 സ്‌റ്റേഷനുകളുടെയും നിർമാണം പൂർത്തിയാക്കാനുള്ള കരാർ കാലാവധി 600 ദിവസമാണ്. സ്‌റ്റേഷനുകളുടെ സ്ഥലമെടുപ്പ് പൂർത്തിയാക്കി കവാടങ്ങളുടെ നിർമാണജോലികൾ നേരത്തേ ആരംഭിച്ചിരുന്നു. കഴിഞ്ഞമാസമാണ് പാതയുടെയും സ്‌റ്റേഷനുകളുടെയും നിർമാണത്തിനുള്ള കരാർ മുംബൈ ആസ്ഥാനമായ ബഹുരാഷ്‌ട്ര കമ്പനിക്ക് നൽകിയത്. 1141.32 കോടിയുടേതാണ് കരാർ. കലൂർ സ്‌റ്റേഡിയം സ്‌റ്റേഷൻതന്നെയാണ് ‘പിങ്ക് പാത’ എന്നുപേരുള്ള കാക്കനാട് പാതയുടെ ആദ്യ സ്‌റ്റേഷൻ. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട് ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്രപാർക്ക്, ഇൻഫോപാർക്ക് എന്നിവയാണ് മറ്റ് സ്‌റ്റേഷനുകൾ.
സംസ്ഥാന സർക്കാർ 2017ൽ അംഗീകരിച്ച ഇൻഫോപാർക്ക് പാതയ്‌ക്ക് 2022ലാണ് കേന്ദ്ര ക്യാബിനറ്റിന്റെ അനുമതി കിട്ടിയത്. കഴിഞ്ഞ മാർച്ചിലാണ് സിവിൽ ജോലികൾക്കുള്ള ടെൻഡർ ക്ഷണിച്ചത്. റെയിൽ വികാസ് നിഗം, കെഇസി ഇന്റർനാഷണൽ എന്നീ കമ്പനികളും രംഗത്തുണ്ടായിരുന്നെങ്കിലും സാങ്കേതിക ബിഡിൽ യോഗ്യത നേടിയത് അഫ്‌കോൺസ് മാത്രമാണ്. ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽനിന്നുള്ള വിദേശവായ്‌പ നടപടികളും പൂർത്തിയാക്കിയാണ് കെഎംആർഎൽ അഫ്‌കോൺസുമായി കരാറിലെത്തിയത്.