കൊച്ചി: കൊച്ചി മെട്രോയ്‌ക്ക് ഇന്ന് ഏഴാം പിറന്നാൾ. പ്രതിദിന ശരാശരി യാത്രക്കാർ ലക്ഷത്തിലേക്ക് അടുക്കുകയാണെന്നും ആകെ 10 കോടിയിലേറ പേർ മെട്രോയിൽ യാത്ര ചെയ്തെന്നും അധികൃതർ അറിയിച്ചു. 3.11 കോടി ആളുകളാണ് 2023ൽ മാത്രം മെട്രോ ഉപയോഗപ്പെടുത്തിയത്.
മെട്രോ രണ്ടാം ഘട്ട പദ്ധതിക്ക് വായ്പ വാഗ്ദാനം ചെയ്ത ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻറ് ബാങ്ക് ടെൻഡർ നൽകിക്കഴിഞ്ഞാൽ, നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. കൊച്ചി നഗരത്തിന്റെ ജീവനാഡിയായി മാറിയ മെട്രോയുടെ ആദ്യഘട്ട നിർമാണം 2013 ജൂണിലാണ് ആരംഭിച്ചത്. ആലുവ മുതൽ പാലാരിവട്ടം വരെ 11 സ്റ്റേഷനുകളുള്ള പാതയുടെ 13.4 കിലോമീറ്റർ ഭാഗം 2017 ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രക്കാർക്കായി തുറന്നുകൊടുത്തു.
Thank you patrons...!!!#kochimetro #kochi#metro#kochimetromegafest2024 pic.twitter.com/iip4TEeazc
— Kochi Metro Rail (@MetroRailKochi) June 17, 2024
നിലവിൽ പ്രതിദിനം, ശരാശരി 90,000 പേർ മെട്രോയിൽ യാത്ര ചെയ്യുന്നുണ്ട്. ഈ വർഷം മേയ് മാസത്തിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 99,000 ആയിരുന്നു. 14 ദിവസത്തിനുള്ളിൽ എണ്ണം ഒരു ലക്ഷം കവിയുമെന്ന് കെ.എം.ആർ.എൽ ഉദ്യോഗസ്ഥൻ പറഞ്ഞു.