കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കൂടുതൽ അന്വേഷണം. kochi druge case കേസിൽ നടി പ്രയാഗ മാർട്ടിന് പൊലീസ് ക്ലീൻ ചിറ്റ് നൽകിയേക്കും. ഇരുവർക്കും ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇത് ഉറപ്പുവരുത്തുന്നതിനായി ഫോൺ രേഖകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും കൊച്ചിയിലെ ഹോട്ടലിൽ എത്തിച്ചത് എളമക്ക സ്വദേശിയായ ബിനു ജോസഫാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും മരട് പൊലീസ് ചോദ്യം ചെയ്തത്. ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ശ്രീനാഥിന്റെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ശ്രീനാഥ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്.
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ അറസ്റ്റിന് പിന്നാലെയാണ് ലഹരിക്കേസിൽ അന്വേഷണം ശ്രീനാഥ് ഭാസിയിലേക്കും പ്രയാഗയിലേക്കും നീണ്ടത്. ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയിൽ ഇരുവരും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവർക്ക് പുറമേ ഇരുപതോളം പേരാണ് ഈ മുറിയിൽ എത്തിയത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.