കൊച്ചി ലഹരിക്കേസ്; ശ്രീനാഥ് ഭാസിയ്ക്കും പ്രയാ​ഗ മാർട്ടിനും നോട്ടീസ് അയക്കും

താരങ്ങളെ ചോദ്യം ചെയ്യാൻ പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതായാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം.

author-image
Vishnupriya
New Update
sreenath

കൊച്ചി: കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട് ഹോട്ടൽ മുറിയിലെത്തിയവരെ ചോദ്യം ചെയ്യുമെന്ന് കമ്മിഷണർ പുട്ട വിമാലാദിത്യ. ഇതുവരെ ആർക്കും നോട്ടീസ് അയച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാ​ഗമായി ഉടൻ നോട്ടീസ് അയക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ ശ്രീനാഥ് ഭാസി, പ്രയാ​ഗ മാർട്ടിൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. 

താരങ്ങളെ ചോദ്യം ചെയ്യാൻ പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതായാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം. ഏതു സാഹചര്യത്തിലാണ് ഇരുവരും ഹോട്ടലിൽ എത്തിയതെന്നാണ് പരിശോധിക്കുന്നത്. മണിക്കൂറുകളോളം ഇരുവരും ഹോട്ടലിൽ ചെലവഴിച്ചതായണ് റിപ്പോർട്ടുകളുള്ളത്. പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും കൂടാതെ ബൈജു, അനൂപ്, ഡോൺ ലൂയിസ്, അരുൺ, അലോഷ്യ, സ്‌നേഹ, ടിപ്‌സൺ, ശ്രീദേവി, രൂപ, പപ്പി തുടങ്ങിയവരുടെ പേരുകളാണ് പ്രതികളെ ഹോട്ടലിൽ സന്ദർശിച്ചതായി പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.

ഹോട്ടലിൽ ലഹരി പാർട്ടി നടന്നിട്ടുണ്ടോയെന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ പാർട്ടി നടന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല. ഹോട്ടലിൽ നിന്നും ചെറിയ അളവിലുള്ള കൊക്കെയ്നാണ് കണ്ടെടുത്തത്. വലിയ തോതിൽ ലഹരിയെത്തിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഗുണ്ടാനേതാവായിരുന്ന ഓംപ്രകാശ് മയക്കുമരുന്ന് കടത്തിലേക്ക് കടന്നതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇയാൾ ഏറെനാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഡിജെ പാർട്ടികൾക്കായി വിദേശത്തുനിന്ന് ഓംപ്രകാശും സംഘവും കൊക്കെയ്ൻ എത്തിക്കുന്നതായാണ് പോലീസ് പറയുന്നത്. ഇവർ പലതവണ കൊച്ചി നഗരത്തിൽ എത്തിയെങ്കിലും പോലീസിന് കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഓംപ്രകാശും കൊല്ലം സ്വദേശിയായ ഷിഹാസും പിടിയിലാവുകയായിരുന്നു. പ്രതികളിൽനിന്ന് എട്ട് ലിറ്ററോളം മദ്യം പിടികൂടിയെങ്കിലും കുറഞ്ഞ അ‌ളവിലുള്ള ലഹരിമരുന്ന് മാത്രമാണ് കണ്ടെത്തിയത്. ഈ പശ്ചാത്തലത്തിൽ ഇവർ കോടതി ജാമ്യം അ‌നുവദിച്ചു.

sreenath bhasi Drug Case prayaga martin