തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടറെ, കുഴിനഖം പരിശോധിക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കലക്ടര്‍ തിരുവനന്തപുരം കലക്ടര്‍ ജെറോമിക് ജോര്‍ജിനെതിരെയാണ് ആരോപണം. കെജിഎംഓഎ ആണ് ആരോപണം ഉന്നയിച്ചത്. ജില്ലാ ആശുപത്രിയിലെ ഒപിയില്‍ ഇരുനൂറ്റി അമ്പതിലേറെ പേര്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു കലക്ടറുടെ അധികാര ദുര്‍വിനിയോഗമെന്നാണ് ആക്ഷേപം.
കലക്ടറുടെ ആവശ്യപ്രകാരം പിഎയാണ് നേരിട്ട് ജില്ലാ മെഡിക്കല്‍ ഓഫിസറിനെ വിളിച്ചത്. ഔദ്യോഗിക യോഗത്തിനിടെ പത്തുതവണയിലേറെ ഫോണ്‍ വന്നതോടെ ഡിഎംഒ തിരിച്ചുവിളിക്കുകയായിരുന്നു. കുഴിനഖം പരിശോധിക്കാനായി അടിയന്തിരമായി കലക്ടറുടെ വസതിയിലേക്ക് ഒരു ഡോക്ടറെ അയക്കണമെന്നായിരുന്നു ആവശ്യം.
പിന്നാലെ, ഡിഎംഓ ജില്ലാ ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ടിനെ വിളിക്കുകയും അസിസ്റ്റന്‍റ് സര്‍ജന്‍ ഉണ്ണികൃഷ്ണനോട് വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ ഇരുനൂറ്റി അമ്പതിലേറെ രോഗികള്‍ ഒപിയില്‍ കാത്തുനില്‍ക്കുകയാണെന്ന് ഡോക്ടർ അറിയിച്ചു. മുകളില്‍ നിന്നുള്ള അറിയിപ്പാണെന്ന് സൂപ്രണ്ട് പറഞ്ഞതിനെ തുടർന്ന് ഡോക്ടര്‍ കലക്ടറുടെ വസതിയില്‍ എത്തി. അരമണിക്കൂര്‍ കാത്തുനിന്നശേഷമാണ് പരിശോധനയ്ക്ക് ജെറോമിക് ജോര്‍ജ് ക്യാബിനിലേക്ക് വിളിപ്പിച്ചത്. അധികാര ദുര്‍വിനിയോഗമാണെന്ന് നടന്നതെന്ന് രൂക്ഷ വിമർശനവുമായി ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
അതേസമയം, കെജിഎംഒയുടെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ തിരുവനന്തപുരം കലക്ടര്‍ ജെറോമിക് ജോര്‍ജ് തയ്യാറായില്ല.