ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഒൻപതിന് മുമ്പ് സർക്കാർ ഹൈക്കോടതിയിലേക്ക് കൈമാറും

ഓഗസ്റ്റ് 22-നായിരുന്നു റിപ്പോർട്ടിന്റെ പൂർണരൂപം കൈമറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണ് നിർദേശിച്ചിരുന്നത്.

author-image
Vishnupriya
New Update
human rights commission on hema committee report
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സെപ്റ്റംബർ ഒൻപതിന് മുമ്പ് സർക്കാർ ഹൈക്കോടതിക്ക് കൈമാറും. റിപ്പോർട്ടിന്റെ പൂർണ രൂപത്തിന് പുറമെ മൊഴിപ്പകർപ്പുകൾ, റിപ്പോർട്ടിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ, ഇതിലെ കേസുകൾ എന്നിവയാണ് കോടതിക്ക് കൈമാറുക.

ഓഗസ്റ്റ് 22-നായിരുന്നു റിപ്പോർട്ടിന്റെ പൂർണരൂപം കൈമറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണ് നിർദേശിച്ചിരുന്നത്. നടപടിയെടുത്തില്ലെങ്കിൽ കമ്മറ്റി രൂപവത്കരിച്ചത് പാഴ് വേലയാവുമെന്നും കോടതി നിരീക്ഷിരുന്നു.

ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചറ നവാസ് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർണായക ഇടപെടൽ വന്നത്. കോടതി നിർദേശത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു. റിപ്പോർട്ട് കോടതിക്ക് കൈമാറുന്നതാണ് ഉചിതമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽ പരിമിതി ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സർക്കാർ രൂപവത്കരിച്ച കമ്മിറ്റിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നൽകിയത്. എന്നാൽ സർക്കാർ വാദം പൂർണമായും തള്ളിക്കളയാതെയാണ് റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവെച്ച കവറിൽ നൽകാൻ കോടതി നിർദേശിച്ചത്.

റിപ്പോർട്ടിൽ പരാമർശിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചില ഖണ്ഡികകളും പേജുകളും ഒഴിവാക്കിയാണ് ഇപ്പോൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒഴിവാക്കിയ വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയ പൂർണ റിപ്പോർട്ടാണ് സർക്കാർ സമർപ്പിക്കുക. സർക്കാരിന് ലഭിച്ച റിപ്പോർട്ട് എങ്ങനെയായിരുന്നോ അതേപോലെ കോടതിക്ക് നൽകും.

 

hema committee report kerala highcourt