മസ്കറ്റ്: കേരളത്തിന്റെ വ്യത്യസ്തമായ വിവിധ കലാ വിസ്മയങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി മസ്കറ്റിൽ 'കേരളീയം 2024' എന്ന പേരിൽ കലാമേള ഒരുങ്ങുന്നു.കേരളത്തിന്റെ ചരിത്രവും വർത്തമാനവും തനിമയും വേദിയിൽ ആവിഷ്ക്കരികുക എന്നതാണ് 'കേരളീയം 2024' എന്ന മേളയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
കേരള ഫിഷറീസ്- സാംസ്കാരിക -യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ 'കേരളീയം 2024" ഉദ്ഘാടനം ചെയ്യും. 'കല' മസ്‌കറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 17 ന് വെള്ളിയാഴ്ച്ച റൂവി അൽ ഫലജ് ഹോട്ടൽ ഗ്രാൻഡ് ഹാളിൽ 'കേരളീയം 2024' എന്ന മെഗാപരിപാടി അരങ്ങേറുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.
കേരളത്തിന്റെ ചരിത്രവും തനിമയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 'നടന കൈരളി' എന്ന നൃത്ത പരിപാടിയാണ് 'കേരളീയം 2024'ലെ പ്രധാന ആകർഷണ ഇനം. രണ്ടു വിഭാഗമായി തിരിച്ചിരിക്കുന്ന പരിപാടിയിൽ കേരളത്തിന്റെ തനത് പാരമ്പര്യ നൃത്തകലകളുടെ സംഗമവും കുട്ടികൾ അവതരിപ്പിക്കുന്ന പ്രത്യേക നൃത്ത പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യക്ക് അകത്തും പുറത്തും വ്യത്യസ്തകൾ നിറഞ്ഞ ഒട്ടനവധി നാടകങ്ങൾ സംവിധാനം ചെയ്ത് നാടകപ്രേമികളുടെ ഇഷ്ട സംവിധായകനായി മാറിയ ജിനോ ജോസഫ് അണിയിച്ചൊരുക്കുന്ന കൂത്ത് എന്ന നാടകവും 'കേരളീയം 2024" ൽ അവതരിപ്പിക്കും.
മസ്‌കത്തിലെ 40 ഓളം കലാകാരികളും കലാകാരന്മാരും നാടകത്തിൽ അഭിനയിക്കുകയും പിന്നണിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളുടെ നേർക്കാഴ്ച ആയിരിക്കും നാടകമെന്ന് സംഘാടകർ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'കലാ മസ്കറ്റ്' എന്ന സാംസ്‌കാരിക സമിതിയാണ് 'കേരളീയം 2024' ൻറെ സംഘാടകർ.
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഇഷാൻ ദേവ് നയിക്കുന്ന സംഗീത നിശയും 'കേരളീയം 2024'ന് അരങ്ങേറും.വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും.