തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.മലയോരമേഖലയിലും ഇടനാടുകളിലും മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.അതെസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശക്തമായ മഴയെത്തുടർന്ന് ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ 64.5 മുതൽ 111.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം, പത്തനംതിട്ട അടക്കമുള്ള ജില്ലകളിൽ കനത്ത മഴ പെയ്തിരുന്നു.
പല സ്ഥലങ്ങളിലും ഇടിമിന്നലൊടുകൂടിയ മഴക്ക് സാധ്യത ഉണ്ടെന്ന വിലയിരുത്തലിൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മഴ എത്തുന്നതോടെ പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഉൾപ്പെടെ ഉണ്ടായിരുന്ന ഉയർന്ന താപനിലക്ക് ശമനമുണ്ടാകും. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.