തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് വീണ്ടും മഴ കനക്കുന്നത്. നാളെ മുതൽ വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
നാളെ നാലു ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്. ഞായറാഴ്ച്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, എറണാകുളം, ഇടുക്കി തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട് .
അതേസമയം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 മുതൽ നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ ഈ പ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.