തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിനൽ വോട്ടെണ്ണലിനെ ചൊല്ലി തർക്കം.നിലവിൽ കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാൻ കഴിയൂ എന്ന് വൈസ് ചാൻസലർ പറഞ്ഞതിനു പിന്നാലെ പ്രതിഷേധവുമായി ഇടത് സംഘടനകൾ രംഗത്തെത്തി.9 സീറ്റിലേക്കാണ് സിൻഡിക്കേറ്റിൽ തെരഞ്ഞെടുപ്പ് നടന്നത്.
ഇന്ന് തന്നെ വോട്ടെണ്ണൽ വേണമെന്ന് ഇടത് സംഘടകൾ ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ ചേമ്പറിൽ വാക്കേറ്റവും ബഹളവുമുണ്ടായി.നിലവിൽ കേരള സർവകലാശാലയിലെ പ്രധാന കവാടത്തിന് മുന്നിൽ ഇടത് സംഘടനകൾ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.വിസിയെ സർവകലാശാലയ്ക്ക് പുറത്തുവിടില്ലെന്നാണ് സംഘടനകൾ പറയുന്നത്.സ്ഥലത്ത് പൊലീസും സംഘടന പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതായാണ് വിവരം.
ഇന്ന് രാവിലെ 8 മണി മുതൽ 10മണി വരെയായിരുന്നു കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്. 12 സീറ്റിലേക്ക് വിജ്ഞാപനം ഇറങ്ങിയെങ്കിലും 9 സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ഇന്ന് തന്നെ പ്രഖ്യാപനം കഴിയില്ലെന്ന് വിസി നിലപാടെടുത്തതോടെയാണ് തർക്കമുണ്ടായത്. റിട്ടേണിംഗ് ഓഫീസർ ഇന്ന് പ്രഖ്യാപനം വേണമെന്നും പറഞ്ഞു. 15 വോട്ടുകളെ സംബന്ധിച്ച് നിലവിൽ തർക്കമുണ്ട്.
ഇത് ചോദ്യം ചെയ്തു കൊണ്ട് എസ്എഫ്ഐയും ബിജെപി പ്രവർത്തകരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഇന്ന് പരിഗണിക്കുന്നുണ്ട്. കേസിൽ വിധി വന്നശേഷം ഫലപ്രഖ്യാപനം മതിയെന്നാണ് വിസിയുടേയും കോൺഗ്രസ് മറ്റു പാർട്ടികളുടേയും ആവശ്യം. എന്നാൽ ഇന്ന് തന്നെ ഫലപ്രഖ്യാപനം വേണമെന്ന് ഇടതുസംഘടനകൾ ആവശ്യപ്പെട്ടു. പുറത്തേക്ക് പോകാനിരുന്ന വിസിയെ ഘരാവോ ചെയ്യുകയാണ് പ്രതിഷേധക്കാർ. സർവ്വകലാശാല ആസ്ഥാനം വിട്ടുപോവാൻ സമ്മതിക്കില്ലെന്നാണ് ഇടുസംഘടനകൾ പറയുന്നത്.
വിസിയും ഗവർണറും ഒറ്റക്കെട്ടായി ജനാധിപത്യവിരുദ്ധമായ നിലപാട് സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഈ നിലപാട്. ഇതിനോട് ചേർന്നാണ് കോൺഗ്രസും ബിജെപിയും നിൽക്കുന്നത്. എണ്ണിയ എല്ലാ വോട്ടുകളും എണ്ണി ഫലപ്രഖ്യാപനം നടത്തണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്ന് വികെ പ്രശാന്ത് എംഎൽഎ പറഞ്ഞു.