കൊച്ചി: കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കാമെന്ന് ഹൈക്കോടതി. സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്നതു സംബന്ധിച്ച് വൈസ് ചാൻസലറും സംഘടനകളും തമ്മിൽ തർക്കം ഉടലെടുത്ത സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. മാറ്റിവയ്ക്കാത്ത വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കുന്നതിന് തടസമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഇതു സംബന്ധിച്ച് രണ്ട് ഹര്‍ജികൾ കോടതിയുടെ പരിഗണനയിൽ ഉണ്ട് . ഇതിന്റെ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കും ഫലമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒന്നുമില്ലാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് സിന്‍ഡിക്കറ്റ് നിലവിലുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടു. ബാലറ്റ് പേപ്പറുകള്‍ സുരക്ഷിതമെന്ന് സര്‍വകലാശാല ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്നത് സംബന്ധിച്ച് വൈസ് ചാൻസലറും സംഘടനകളും തമ്മിൽ തർക്കമുണ്ടാകുകയും വിസിയെ സിപിഎം അനുകൂലികൾ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാൻ കഴിയൂ എന്ന വൈസ് ചാൻസലറുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഇടത് സംഘടനകളുടെ തർക്കം. 9 സീറ്റിലേക്കാണ് സിൻഡിക്കേറ്റിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഇന്ന് വേണമെന്ന് ഇടത് സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ ഫല പ്രഖ്യാപനം ഇന്നു തന്നെ നടത്താൻ കഴിയില്ലെന്നായിരുന്നു വിസിയുടെ പ്രഖ്യാപനം. ഇതോടെ ചേമ്പറിൽ വാക്കേറ്റവും ബഹളവുമുണ്ടായി.
ഇന്ന് രാവിലെ 8 മണി മുതൽ 10 മണി വരെയായിരുന്നു കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്. 12 സീറ്റിലേക്ക് വിജ്ഞാപനം ഇറങ്ങിയെങ്കിലും 9 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. റിട്ടേണിങ് ഓഫീസർ ഇന്ന് പ്രഖ്യാപനം വേണമെന്നും ആവശ്യപ്പെട്ടു. 15 വോട്ടുകളെ സംബന്ധിച്ച് നിലവിൽ തർക്കമുണ്ട്. ഇതു ചോദ്യം ചെയ്തു കൊണ്ട് എസ്എഫ്ഐയും ബിജെപി പ്രവർത്തകരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ വിധി വന്നശേഷം ഫലപ്രഖ്യാപനം മതിയെന്നായിരുന്നു വിസിയുടെയും കോൺഗ്രസിന്റെയും മറ്റു പാർട്ടികളുടെയും ആവശ്യം. എന്നാൽ ഇന്ന് തന്നെ ഫലപ്രഖ്യാപനം വേണമെന്ന് ഇടതുസംഘടനകൾ ആവശ്യപ്പെട്ടു.