തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണറുടെ നൽകിയ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി. ആറ് ആഴ്ചയ്ക്കകം പുതിയ നാമനിർദേശം സമർപ്പിക്കണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. നാല് വിദ്യാർഥികളെ സെനറ്റിലേക്ക് നാമനിർദേശം ചെയ്ത നടപടിയാണ് റദ്ദാക്കിയത്.
ഹ്യുമാനിറ്റീസ്, ഫൈൻആർട്സ്, സയൻസ്, സ്പോർട്സ് വിഭാഗങ്ങളിലെ വിദ്യാർഥികളെയാണ് ഗവർണർ നാമനിർദേശം ചെയ്തത്. ഇവരെല്ലാം എബിവിപി പ്രവർത്തകരാണെന്നായിരുന്നു ആരോപണം. ഓരോ മേഖലയിലും പ്രാവീണ്യം നേടിയവരെയാണ് സെനറ്റിലേക്ക് ശുപാർശ ചെയ്യുക. എന്നാൽ ഗവർണ്ണർ രാഷ്ട്രീയ പശ്ചാത്തലം നോക്കി നിയമനം നടത്തിയെന്നായിരുന്നു ആരോപണം. ഇതേ തുടർന്ന് സർവകലാശാലാ റജിസ്ട്രാർ സെനറ്റിലേക്ക് നൽകിയ പട്ടികയിലുണ്ടായിരുന്ന വിദ്യാർഥികൾ ഹൈക്കോടതിയിൽ പരാതി നൽകി. തങ്ങളുടെ കഴിവുകൾ പരിഗണിക്കാതെയാണ് ഗവർണർ നിയമനം നടത്തിയതെന്നും വിദ്യാർഥികൾ ഹർജിയിൽ ആരോപിച്ചിരുന്നു.