ഒളിമ്പിക്സിന്റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കുന്നതിനൊപ്പം വിവിധ കായിക മേളകളില്‍ പങ്കെടുക്കുന്നതിന് പ്രാപ്തരാക്കേണ്ടതിന്റെ ഭാഗമായി ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഒളിമ്പിക്സ് മാതൃകയില്‍ കേരള സ്‌കൂള്‍ ഒളിമ്പിക്സ് ആയി നടത്തുന്നു. ഒളിമ്പിക്സ് മാതൃകയില്‍ കേരള സ്‌കൂള്‍ ഒളിമ്പിക്സ് കൊച്ചി '24 എന്ന പേരില്‍ നവംബര്‍ 4 മുതല്‍ 11 വരെയാണ് പ്രഥമ സ്‌കൂള്‍ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. 24000 കായിക പ്രതിഭകള്‍ അണ്ടര്‍ 14, 17, 19 എന്നീ കാറ്റഗറിയില്‍ 41 കായിക ഇനങ്ങളില്‍ മത്സരിക്കും. പതിനായിരത്തോളം മത്സരങ്ങളാണ് നടക്കുന്നത്.
എട്ടു ദിവസം പകലും രാത്രിയുമായി നടക്കുന്ന കായിക മാമാങ്കം ലോകത്തിലെ തന്നെ ഏറ്റവും വലിയ മേളയായിരിക്കും. സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സ് ഓരോ നാല് വര്‍ഷം കൂടുമ്പോഴും ഒളിമ്പിക്സ് മാതൃകയില്‍ നടത്തും. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുവേണ്ടി കായികോത്സവത്തിന്റെ ഭാഗമായി രാജ്യത്താദ്യമായി ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ഈ വര്‍ഷം ആരംഭിക്കും. എറണാകുളം ജില്ലയില്‍ 16 സ്ഥലങ്ങളിലെ വിവിധ വേദികളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്ക് താമസിക്കുന്നതിനായി അന്‍പതോളം സ്‌കൂളുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.