തിരുവനന്തപുരം: സംസ്ഥാന റവന്യു വകുപ്പ് വർഷംതോറും നടത്തുന്ന സർവേ പരീക്ഷാ പേപ്പറുകൾ ഇനി മുതൽ പുനർ മൂല്യനിർണയം നടത്താൻ അനുമതി. 2023 ജൂലൈ 14, 15 തീയതികളിൽ നടത്തിയ ഹയർ സർവേ പരീക്ഷയുടെ ഉത്തരപേപ്പറുകൾ പുനർ മൂല്യനിർണയം നടത്താൻ സർക്കാർ നിർദേശം നൽകി.
2023 ജൂലൈയിൽ പരീക്ഷ എഴുതിയ ചില ഉദ്യോഗസ്ഥരെ ബോധപൂർവം തോൽപിച്ചെന്ന് ആരോപമണമുയർന്നിരുന്നു. എന്നാൽ പിഎസ്‌സി പരീക്ഷ ജയിക്കുന്ന പലരും സർവേ പരീക്ഷ തോൽക്കുന്നത് പതിവാണ്. റവന്യു വകുപ്പ് ജീവനക്കാർക്ക് ഡപ്യുട്ടി തഹസിൽദാർ തസ്തികയിലെ പ്രൊബേഷൻ പൂർത്തിയാക്കാനും സ്ഥാനക്കയറ്റങ്ങൾക്കും സർവിസ് ആനുകൂല്യങ്ങൾക്കും പിഎസ്‌സിയുടെ ക്രിമിനൽ ജുഡീഷ്യറി പരീക്ഷയും സർവേ ഡയറക്ടറേറ്റിന്റെ രണ്ടു മാസ പരിശീലനത്തിനു ശേഷമുള്ള ഹയർ സർവേ പരീക്ഷയും പാസാകേണ്ടതുണ്ട്.
റവന്യു ഇൻസ്പെക്ടർ തിരുവനന്തപുരം മച്ചേൽ, പുല്ലൂർക്കോണം സങ്കീർത്തനത്തിൽ വി.രാജേഷ് തന്റെ ഉത്തരക്കടലാസുകൾ കാണണമെന്ന് ആവശ്യപ്പെട്ടത് അധികൃതർ നിരസിച്ചതോടെ വിവരാവകാശ കമ്മിഷൻ ഇടപെടുകയായിരുന്നു. ഉത്തരക്കടലാസുകൾ കാണാൻ അപേക്ഷകന് അവകാശമുണ്ടെന്നും പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കാൻ അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കിം ഉത്തരവിട്ടു.
ഉത്തരക്കടലാസുകൾ പുറത്തു വന്നപ്പോൾ പരാതികൾ അടിസ്ഥാനമുള്ളവയാണെന്ന് ബോധ്യമായി. ഒരേ ഉത്തരം എഴുതിയ പലർക്കും പല മാർക്കുകൾ നൽകിയതായി തെളിഞ്ഞു. തുടർന്നാണ് 2023 ജൂലൈയിലെ ഹയർ സർവേ പരീക്ഷ പുനർമൂല്യനിർണയം നടത്താൻ നിർദേശിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്.