വരൂ, നമുക്ക് ഇനി വായനശാലയിലേക്ക് നടക്കാം

ഒരിക്കല്‍ അമ്പലപ്പുഴ ക്ഷേത്രവും ക്ഷേത്ര പരിസരവും കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകവും എല്ലാം ചുറ്റിനടന്ന് കാണവേ, ക്ഷേത്രത്തിനു തൊട്ടടുത്തുള്ള ഒരു ലോവര്‍ പ്രൈമറി സ്‌കൂള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. ശ്രദ്ധിക്കാനുള്ള കാരണം സ്‌കൂളിന്റെ പേരാണ്. 'പി.എന്‍. പണിക്കര്‍ സ്മാരക എല്‍.പി.എസ്. അമ്പലപ്പുഴ' എന്ന ബോര്‍ഡ്.

author-image
Rajesh T L
Updated On
New Update
reading
Listen to this article
0.75x 1x 1.5x
00:00 / 00:00

 

ബി പി ഉണ്ണിക്കൃഷ്ണ പിള്ള 

 

അമ്പലപ്പുഴ എന്ന സ്ഥലനാമം കേള്‍ക്കുമ്പോള്‍ മൂന്നു സംഗതികളാണ്  ഓര്‍മ്മയില്‍ വരിക. (എനിക്ക് ). ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും അവിടുത്തെ പാല്‍പ്പായസവും. കുഞ്ചന്‍ നമ്പ്യാരും തുള്ളലും അദ്ദേഹം ഉപയോഗിച്ചിരുന്ന മിഴാവും. കൂടാതെ കുറച്ചുപേരെങ്കിലും മറ്റൊരു വ്യക്തിയെ കൂടി ഓര്‍മ്മിക്കും. അത് മലയാളികളെ വായന എന്തെന്നും എങ്ങനെ വായിക്കണം എന്നും പഠിപ്പിച്ച കേരളത്തിന്റെ അക്ഷരസൂര്യന്‍
പി. എന്‍. പണിക്കര്‍ അല്ലാതെ  മറ്റാരുമല്ല.

ഒരിക്കല്‍ അമ്പലപ്പുഴ ക്ഷേത്രവും ക്ഷേത്ര പരിസരവും കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകവും എല്ലാം ചുറ്റിനടന്ന് കാണവേ, ക്ഷേത്രത്തിനു തൊട്ടടുത്തുള്ള ഒരു ലോവര്‍ പ്രൈമറി സ്‌കൂള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. ശ്രദ്ധിക്കാനുള്ള കാരണം സ്‌കൂളിന്റെ പേരാണ്. 'പി.എന്‍. പണിക്കര്‍ സ്മാരക എല്‍.പി.എസ്. അമ്പലപ്പുഴ' എന്ന ബോര്‍ഡ്.

പിന്നീട് കുറേസമയം ക്ഷേത്രത്തിലെ ആല്‍മരച്ചുവട്ടില്‍ ഇരുന്ന് ഞാന്‍ ചിന്തിച്ചത് പി എന്‍ പണിക്കരെ  പറ്റിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആയിരുന്നു. എന്തെല്ലാം ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിച്ചായിരിക്കാം അദ്ദേഹം കേരളത്തെ അക്ഷര ലോകത്തേക്ക് നയിച്ചത്. കോട്ടയം സ്വദേശിയായ പണിക്കര്‍ അമ്പലപ്പുഴ കേന്ദ്രീകരിച്ചാണ് തന്റെ പുസ്തക വായന, വായനശാല വിപ്ലവത്തിന് തുടക്കം കുറിച്ചത്.

അമ്പലപ്പുഴക്കും വായനയ്ക്കും തമ്മില്‍ ഒരു ചരിത്രബന്ധം കൂടിയുണ്ട്. ഒരിക്കല്‍ ഒരു തെലുങ്ക് പണ്ഡിതന്‍ അമ്പലപ്പുഴ രാജാവിനെ സന്ദര്‍ശിച്ച് ഒരു തെലുങ്ക് രാമായണം കാഴ്ചവച്ചു. അത് വായിക്കാന്‍ പറ്റിയ ഒരാളെ തരപ്പെടുത്താന്‍ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയോട് അഭ്യര്‍ത്ഥിച്ചു. മേല്‍പ്പത്തൂര്‍ തന്റെ സുഹൃത്തും സമകാലികനും ആയിരുന്ന എഴുത്തച്ഛനെ അമ്പലപ്പുഴയ്ക്ക് അയച്ചു. അമ്പലപ്പുഴ രാജസന്നിധിയില്‍ എത്തിയ എഴുത്തച്ഛന്‍ തെലുഗു  രാമായണം രാജാവിന് വായിച്ചു കൊടുക്കുകയും ആയിടെ പൂര്‍ത്തിയാക്കിയ അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ഒരു പ്രതി രാജാവിന് സമ്മാനിക്കുകയും ചെയ്തു. അത് വായിച്ച് വിസ്മയഭരിതനായ രാജാവ്, അദ്ധ്യാത്മരാമായണത്തിന്റെ നൂറ് താളിയോല പ്രതികള്‍ പകര്‍ത്തിയെഴുതിച്ച് അമ്പലപ്പുഴയിലെ നൂറ് കുടുംബങ്ങളെ പാരായണത്തിനായി ചുമതലപ്പെടുത്തി. കര്‍ക്കടകം ഒന്നുമുതല്‍ പ്രത്യേക നിഷ്ഠകളോടെ രാമായണം മുടങ്ങാതെ പാരായണം ചെയ്യാന്‍ രാജകല്പനയും പുറപ്പെടുവിച്ചു. ഒരുപക്ഷേ, ഒരു ഗ്രന്ഥം വായിക്കാന്‍ ആദ്യമായി ഒരു രാജകല്പന !.

മലയാളികളില്‍ വായനശീലം സൃഷ്ടിക്കാനും ഉള്ളത് പോഷിപ്പിക്കാനും പിന്നീട് നിമിത്തമായതും അമ്പലപ്പുഴ എന്ന പ്രദേശമാണ്. വായനയുടെ  മഹത്വം കേരളീയര്‍ക്ക് മനസ്സിലാക്കിക്കൊടുത്ത പി.എന്‍. പണിക്കര്‍, ആദ്യത്തെ ഗ്രന്ഥശാല /വായനശാല  സ്ഥാപിച്ചതും ഗ്രന്ഥശാല പ്രസ്ഥാനത്തിന് ജന്മം നല്‍കിയതും അമ്പലപ്പുഴ കേന്ദ്രീകരിച്ചാണ്. അമ്പലപ്പുഴയില്‍ മൊട്ടിട്ട ഗ്രന്ഥശാല പ്രസ്ഥാനമാണ് പില്‍ക്കാലത്ത് കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ ഏറ്റവും ജനകീയവും ശക്തവുമായ സാന്നിധ്യമായി വിടര്‍ന്ന്   അക്ഷരങ്ങളുടെ, പുസ്തകങ്ങളുടെ  ഒരു പൂന്തോട്ടമായി  പരിമളം ചൊരിഞ്ഞു നിലകൊള്ളുന്നത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും  അവകാശപ്പെടാന്‍ ആവാത്ത വിധം 'നാടിന്റെ ആത്മാവായി ' കേരളത്തിലെ സാംസ്‌കാരിക ജീവിതത്തിന്റെ കേന്ദ്ര സ്ഥാനത്ത് സ്ഥിതി ചെയ്യുന്നത്  ഒരു പരിധിവരെ ഇന്നും വായനശാലകള്‍ തന്നെയാണ്.

ഒരുകാലത്ത് ഗ്രാമങ്ങളിലെ വായനശാലകള്‍ അവിടങ്ങളിലെ സാംസ്‌കാരിക കേന്ദ്രങ്ങളായി വര്‍ത്തിച്ചിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍  ഇടക്കാലത്ത് എപ്പോഴോ വായനശാലകള്‍ ജനങ്ങളില്‍നിന്ന് അകന്നു. അഥവാ  ജനങ്ങള്‍ വായനശാലകളില്‍ നിന്ന് അകന്നു. എങ്കിലും ഇന്നും വായനശാലകളോടുള്ള മലയാളികളുടെ വൈകാരിക ബന്ധത്തിന് വലിയ  കോട്ടം സംഭവിച്ചിട്ടില്ല. വിവരശേഖരണത്തിനുള്ള പുസ്തകേതര സൗകര്യങ്ങള്‍ വളരെയേറെ വര്‍ധിച്ചിട്ടുള്ള സാഹചര്യത്തില്‍ ഗ്രന്ഥാലയങ്ങളുടെ ആവശ്യകതയ്ക്ക് സ്വാഭാവികമായും ഇടിവ്  സംഭവിക്കും. 'ഇന്റര്‍നെറ്റിന്റെ വരവോടെ എല്ലാ വിവരങ്ങളും  വിരല്‍ത്തുമ്പിലായെന്ന അഹങ്കാരത്തോടെ വൈജ്ഞാനിക ഗ്രന്ഥങ്ങളെല്ലാം വലിച്ചെറിയുന്ന പുതിയ തലമുറ മനസ്സിലാക്കേണ്ടത്, വിക്കിപീഡിയയുടെയും സെര്‍ച്ച് എന്‍ജിനുകളുടെയും  സൗജന്യത്തില്‍ തരപ്പെടുന്ന സൗജന്യ സൈറ്റുകളും ഒക്കെ ചൊരിഞ്ഞിടുന്നത് വെറും വിവരങ്ങളുടെ തുണ്ടുകളാണെന്നും വിജ്ഞാനദാഹികള്‍ക്ക് അമൂല്യ ഗ്രന്ഥങ്ങള്‍ തേടി പോകാതെ വയ്യെന്നും അടിവരയിട്ട് പറയാവുന്ന യാഥാര്‍ത്ഥ്യമാണ്.

നോവലിസ്റ്റും ചെറുകഥാകൃത്തുമായ സേതു, അദ്ദേഹത്തിന്റെ ഒരു അനുഭവം പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ് . 'വിദേശങ്ങളില്‍ പോകുമ്പോഴെല്ലാം അവിടത്തെ പ്രധാന വായനശാലകളിലും പുസ്തകക്ക ടകളിലും കയറി നോക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കാനഡയിലെ വാന്‍കൂവറില്‍ പോയപ്പോള്‍ അവിടത്തെ പബ്ലിക് ലൈബ്രറി സന്ദര്‍ശിക്കാന്‍ ഇടയായി. 150 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ലൈബ്രറിക്ക് അന്ന്  22 ശാഖകള്‍ ഉണ്ടായിരുന്നു (ഒരു വായനശാലക്ക് 22 ശാഖകളോ? നമുക്ക് അത് അവിശ്വസനീയം)  മില്‍ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഒരു ചെറിയ വായനമുറിയായി തുടങ്ങിയ സ്ഥാപനമാണ് പടിപടിയായി വളര്‍ന്ന് ആ നിലയില്‍ എത്തിയത്.  27 ലക്ഷം പുസ്തകങ്ങളും മൂന്നു ലക്ഷത്തിലധികം അംഗങ്ങളുമുള്ള ഒരു പടുകൂറ്റന്‍ വായനശാല. ഒന്‍പത് നിലകള്‍. വാന്‍ കൂവറിലെ പ്രധാന നിരത്തിനടുത്തുള്ള കേന്ദ്രശാഖ പുതുക്കി പണിതിട്ട് 15 വര്‍ഷമേ ആയിട്ടുള്ളൂ. റോമന്‍ കൊളോസിയത്തിന്റെ മാതൃകയില്‍. ലൈബ്രറിയുടെ പ്രധാന കവാടത്തിനു മുന്നില്‍ ഒരു നീണ്ട ക്യൂ രൂപം കൊണ്ട് കഴിഞ്ഞിരുന്നു. വലിയ അച്ചടക്കത്തോടെ നിശബ്ദരായി കാത്തുനില്‍ക്കുന്ന ജനക്കൂട്ടം-പുസ്തകം എടുക്കാന്‍! വായനശാലയുടെ അകത്തുകയറാന്‍ ക്യൂ. അതൊരു അത്ഭുതകരമായ  കാഴ്ചയായിരുന്നു. സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തോടെ പുസ്തകവായന മരിച്ചു എന്ന് അലമുറയിടുന്നവരുടെ മുന്നില്‍,  ലോകത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യകള്‍ കൈവശമുള്ള ഒരു ജനതയുടെ ഈ നിശബ്ദമായ മറുപടി പലതും ഉറക്കെ വിളിച്ചു പറയുന്നതായി തോന്നി... '.

പൂക്കളെ പോലെയാണ് പുസ്തകങ്ങള്‍. പുസ്തകങ്ങള്‍ അലങ്കോലമായി ഗ്രന്ഥപുരകളിലും  വായനശാലകളിലും അട്ടിയിട്ട് വച്ചിരിക്കുന്നത് കാണാന്‍ വയ്യ. പുസ്തകങ്ങളെ സ്‌നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം നൂറു ശതമാനം ശരിയാണ്  ഈ അഭിപ്രായം. 'സാമാന്യമായ ഔചിത്യ ബോധത്തിനപ്പുറം ലേശം സൗന്ദര്യബോധവും കൂടി വായനശാലകളുടെ സംഘാടകര്‍ക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഏറ്റവും ചുരുങ്ങിയത് തങ്ങളുടെ പക്കലുള്ള പുസ്തകങ്ങള്‍ ഇനം തിരിച്ച് അടുക്കി വയ്ക്കുക എന്ന സാമാന്യരീതി പോലും പാലിക്കാത്ത വായനശാലകള്‍ ഉണ്ടെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് . വായനക്കാര്‍ മടക്കിക്കൊണ്ടുവരുന്ന പുസ്തകങ്ങളുടെ കാര്യമാണ് കൂടുതല്‍ കഷ്ടം. പുസ്തകങ്ങള്‍ക്ക് ജൈവ സ്വഭാവമുണ്ടെന്നാണ് സങ്കല്പം എങ്കിലും തങ്ങളുടെ പഴയ ഇടവും അങ്ങോട്ടുള്ള വഴിയും മറന്നു പോയിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവയെ അങ്ങോട്ട് നയിക്കേണ്ട  ചുമതല ലൈബ്രേറിയന്റേതു തന്നെ. അതിലവര്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നുണ്ടോയെന്ന് സംശയമാണ്.

വായനശാലകളുടെ പ്രസക്തി  കുറച്ചെങ്കിലും നഷ്ടപ്പെടാന്‍ ഇടയാക്കിയ നിരവധി കാരണങ്ങള്‍ ഉണ്ട്. മിക്കവാറും സ്‌കൂളുകളിലും കോളേജുകളിലും മികച്ച ലൈബ്രറികളുണ്ട്. അതിനാല്‍ കുട്ടികള്‍ക്ക് വായനശാലകളെ ആശ്രയിക്കേണ്ടി വരുന്നില്ല. പൊതുവെ വായനയോട്  താല്പര്യമുള്ള  മധ്യവര്‍ഗ മലയാളികളുടെയെല്ലാം വീടുകളില്‍ ഒരു ചെറിയ പുസ്തകശേഖരമെങ്കിലും ഉണ്ടാവും. മാസവരുമാനത്തില്‍ നിന്ന് നിശ്ചിത തുക പുസ്തകം വാങ്ങുന്നതിനായി ഇക്കൂട്ടര്‍ മാറ്റി വയ്ക്കുന്നു. തങ്ങളുടെ പക്കല്‍ ഇല്ലാത്ത പുസ്തകങ്ങള്‍ തേടി മാത്രമേ അവര്‍ക്ക് വായനശാലയിലേക്ക് പോകേണ്ടി വരുന്നുള്ളൂ. ടെലിവിഷന്റെ  രംഗപ്രവേശമാണ്. വായനക്ക് വേണ്ടി ചെലവഴിക്കാവുന്ന നല്ല സമയമത്രയും ഈ  ' പെട്ടി ' അപഹരിക്കുന്നു. ക്രമേണ വായനയും  പുസ്തകവും വായനശാലയും അന്യമാവുന്നു. സോഷ്യല്‍ മീഡിയയും വായനശീലത്തെ  ( പുസ്തക വായനയെ ) ഒരു തരത്തില്‍ പിന്നോട്ട് കൊണ്ടു പോയ ഘടകമാണ്. വാട്‌സ്ആപ്പ്, ഫേസ്ബുക്, ട്വിറ്റെര്‍ തുടങ്ങി നിരവധി മാധ്യമങ്ങളില്‍ കൂടി വരുന്ന നല്ലതും മോശവുമായ ' വിജ്ഞാന സമ്പത്ത് ' വായിക്കാനും അവയ്ക്ക് കമന്റ് ഇടാനും  താല്പര്യം കാട്ടുന്നവര്‍ക്ക്  വായനശാലയില്‍ പോകാനും  പുസ്തകം വായിക്കാനും സമയം എവിടെ?

എന്നിരുന്നാലും  പുസ്തകവില്‍പ്പന ശാലകളിലും  പുസ്തകോത്സവങ്ങളിലും ഏറ്റവും കൂടുതല്‍ കയറിയിറങ്ങുന്നത്  ന്യൂ ജന്‍  വിഭാഗം ആണെന്നുള്ളത്  യാഥാര്‍ഥ്യ വും പ്രതീക്ഷക്ക്  വക നല്‍കുന്നതുമാണ്.
( മുതിര്‍ന്നവര്‍ വരുന്നില്ല എന്ന് ഇവിടെ അര്‍ഥമാക്കുന്നില്ല )

 

literature reading p n pancker