തിരുവനന്തപുരം:കൊടുംചൂട് തുടരുന്നതിനിടെ സംസ്ഥാനത്തിന് ആശ്വാസമാകാൻ മഴയെത്തുന്നു.കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.മലപ്പുറം, വയനാട് ജില്ലകളിലാണ് വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അതെസമയം ഇടുക്കിയിൽ വെള്ളിയാഴ്ചയാണ് യെല്ലോ അലർട്ട്.ഈ ജില്ലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വൈകിട്ട് 3.30 വരെ അതിതീവ്ര തിരമാലയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പുണ്ട്.
ഞായറാഴ്ച രാത്രിയോടെ കോഴിക്കോട് വെസ്റ്റ് ഹിൽ ശാന്തി നഗറിൽ കടൽ കയറി വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിരുന്നതിനാൽ ഈ പ്രദേശങ്ങളിൽ ഉൾപ്പെടെ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ആറാട്ടുപുഴയിലും രാത്രിയോടെ കടൽ പ്രഷുബ്ധമായിരുന്നു.ചിലയിടങ്ങളിൽ തീരദേശ റോഡിലേക്ക് കടൽവെള്ളം കയറുകയും ചെയ്തു. തൃക്കുന്നപ്പുഴ ഭാഗത്ത് ആറു കുടുംബങ്ങളെ റവന്യൂ അധികൃതർ കഴിഞ്ഞ ദിവസം മാറ്റിപ്പാർപ്പിച്ചിരുന്നു.ഇത്തവണ മൺസൂൺ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.