വനന്തപുരം : പൊലീസ് സംരക്ഷയിൽ പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായിട്ടും സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ നടന്നില്ല. പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതുമാണ് കാരണം.സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ അറിയിപ്പ്.
എന്നാൽ പലയിടത്തും അപേക്ഷകരെത്തിയില്ല.ഇതോടെ ഉദ്യോഗസ്ഥർ മടങ്ങി.അതെസമയം ചിലയിടങ്ങളിൽ സംയുക്ത സമരസമിതി ഗ്രൗണ്ടിൽ പ്രതിഷേധിച്ചു.തൃശ്ശൂർ, തിരുവനന്തപുരം അടക്കം ചിലയിടങ്ങളിലാണ് സംയുക്ത സമരസമിതിയുടെ പ്രതിഷേധമുണ്ടായത്.
തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റും അനിശ്ചിതത്വത്തിലാണ്. ഗ്രൗണ്ടിന് മുന്നിൽ പ്രതിഷേധ സമരക്കാർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. തൃശ്ശൂർ അത്താണിയിൽ സമരസമിതി പ്രവർത്തകർ കുഴിമാടം തീർത്താണ് പ്രതിഷേധിച്ചത്. ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിൽ കുഴിയുണ്ടാക്കി അതിലിറങ്ങി കിടന്നായിരുന്നു പ്രതിഷേധം.
എറണാകുളത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. അപേക്ഷകർ ആരും എത്താതിരുന്നതോടെ ഉദ്യോഗസ്ഥർ മടങ്ങി. തിരുവനന്തപുരത്ത് സ്ളോട്ട് ലഭിച്ച 21 അപേക്ഷകരിൽ ആരും എത്തിയില്ല. റോഡ് ടെസ്റ്റിനായി മാത്രം ചിലർ എത്തിയിരുന്നു. കോഴിക്കോട് ആറാം ദിവസവും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. സ്ലോട്ട് നൽകിയെങ്കിലും ആരും സ്വന്തം വാഹനവുമായി ടെസ്റ്റിന് എത്തിയില്ല. താമരശേരിയിൽ സമരക്കാർ കഞ്ഞി വെച്ച് പ്രതിഷേധിച്ചു.
പരിഷ്‌കരിച്ച സർക്കുലർ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്താനായിരുന്നു ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന നിർദ്ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കാനുമാണ് തീരുമാനം.
നിലവിൽ ടെസ്റ്റ് നടക്കുന്ന 86-ൽ 77 ഗ്രൗണ്ടുകളും ഡ്രൈവിംഗ് സ്കൂൾ യൂണിയനുകൾ വാടകയ്‌ക്ക് എടുത്തവയാണ്. ഈ ഗ്രൗണ്ടുകൾ അടച്ചിട്ടാണ് യൂണിയനുകൾ പ്രതിഷേധിക്കുന്നത്. ഇതിന് പിന്നാലെയാണ് ടെസ്റ്റ് കേന്ദ്രങ്ങളായി പുതിയ ഇടങ്ങൾ കണ്ടെത്താൻ നിർദ്ദേശം. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 24 സ്ഥലങ്ങൾ കണ്ടെത്തിയതായാണ് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൽ പറയുന്നത്.
അതെസമയം സമരവുമായി മുന്നോട്ട് പോകുമെന്നാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. കേരളത്തിലെ എല്ലാ ഡ്രൈവിംഗ് സ്കൂൾ ഉടമകളും പങ്കെടുക്കാൻ ആഹ്വനം ചെയ്തിരുന്നു. ഗതാഗത വകുപ്പ് സർക്കുലർ പിൻവലിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ച്. കോടതി വിധി വന്ന ശേഷം സമര പരിപാടികൾ ആലോചിക്കുമെന്നും വേണ്ടിവന്നാൽ നിരാഹര സമരത്തിലേക്കും കടക്കുമെന്നും സമിതി അറിയിച്ചിട്ടുണ്ട്.