കേരള പൊലീസ് സംഘം വിശാഖപട്ടണത്ത്; ആസാമീസ് പെൺകുട്ടിയെ നാട്ടിലേക്ക് തിരിച്ച് കൊണ്ട് വരും

വിമാനം വഴി കുട്ടിയെ തിരികെയെത്തിക്കുന്ന കാര്യത്തിനാണ് മുൻഗണന. അതിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്. അതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു

author-image
Greeshma Rakesh
New Update
girl

kerala police will reach visakhapatnam today and assamese girl will be brought back

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ ആസാമീസ് പെൺകുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും. കുട്ടി നിലവിൽ വിശാഖപട്ടണത്ത് ആർപിഎഫിന്റെ സംരക്ഷണയിലാണ്. കുട്ടിയെ തിരികെ കൊണ്ടുവരാനായി പുറപ്പെട്ട കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയോടെ വിശാഖപട്ടണത്ത് എത്തും.തുടർന്ന് നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ കേരള പൊലീസിന് കൈമാറി ഉടൻ തിരുവനന്തപുരത്ത് എത്തിക്കാനാണ് നീക്കം.

വിമാനം വഴി കുട്ടിയെ തിരികെയെത്തിക്കുന്ന കാര്യത്തിനാണ് മുൻഗണന. അതിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്. അതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർകാര്യങ്ങൾ കേരള പോലീസ് തീരുമാനിക്കട്ടെ എന്നാണ് പിഡബ്ല്യുസി ഇന്നലെ പ്രതികരിച്ചിരുന്നു. ട്രെയിനിലെ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത് വിശാഖ പട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികളായിരുന്നു.

ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടിൽ ഉപദ്രവം തുടർന്നതിനാലാണ്  വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി. വിശാഖവാലിയിലെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിൽ കുട്ടി സന്തോഷവതിയാണെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചിരുന്നു.

അതേ സമയം,  മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ആളുകളോടും പൊലീസിനോടും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കൾ പ്രതികരിച്ചു. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവർ അറിയിച്ചു. ചൊവ്വാഴ്ചയാണ് കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും അമ്മയുമായി പിണങ്ങി ഇറങ്ങിയ കുട്ടി, ട്രെയിൻ കയറി സ്വദേശമായ ആസാമിലേക്ക് പോകാൻ ശ്രമിച്ചത്.

 

 

kerala police Assamese missing girl visakhapatnam