തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഇത്തവണ വീട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കാം. പ്രത്യേക ഉത്തരവിറക്കി ഡിജിപി. ഡ്യൂട്ടി ക്രമീകരിക്കാൻ യൂണിറ്റ് മേധാവിമാർക്ക് നിർദേശം നൽകിയാണ് ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്. പൊലീസുകാരിൽ ജോലി സമ്മർദം വർധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചർച്ചയായിരുന്നു. വീട്ടിലെ സാധാരണ ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ പറ്റുന്നില്ലെന്ന പരാതി പൊലീസുകാർക്കിടയിൽ ഉണ്ടായിരിക്കെയാണ് ഡിജിപിയുടെ പുതിയ ഉത്തരവ് ശ്രദ്ധ നേടുന്നത്. ഇതു പൊലീസ് സേനയ്ക്കുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല.
കഴിഞ്ഞ 7 വർഷത്തിനിടെ ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ മാനസിക സമ്മർദത്തിനു ചികിത്സ തേടിയെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. 5 വർഷത്തിനിടെ 88 പൊലീസുകാർ ആത്മഹത്യ ചെയ്തു എന്ന റിപ്പോർട്ടുമുണ്ടായിരുന്നു. പൊലീസ് സേനയിലെ പുരുഷ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മദ്യപാനം, കുടുംബപ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതലും ഡോക്ടർമാരെ സമീപിച്ചത്. വരുംദിവസങ്ങളിൽ പൊലീസുകാർക്ക് വീട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കാനുള്ള ഡ്യൂട്ടി ക്രമീകരണങ്ങൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കും.