പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, 39,242പേർക്ക് ഫുൾ എ പ്ലസ്

കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുൻ വർഷത്തേക്കാൾ 4.26 ശതമാനത്തിൻറെ കുറവാണ് ഇത്തവണയുണ്ടായത്. ഇത്തവണ സയൻസ് വിഭാഗത്തിൽ 84.84 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് 67.09 ശതമാനവും കൊമേഴ്സ് 76.11ശതമാനവുമാണ് വിജയം.

author-image
Greeshma Rakesh
Updated On
New Update
plus two

kerala plus two vhse exam result 2024 announced

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 78.69 ശതമാനമാണ് വിജയ ശതമാനം. 3,73755 പേരാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഇതിൽ 2,94888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുൻ വർഷത്തേക്കാൾ 4.26 ശതമാനത്തിൻറെ കുറവാണ് ഇത്തവണയുണ്ടായത്.

ഇത്തവണ സയൻസ് വിഭാഗത്തിൽ 84.84 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് 67.09 ശതമാനവും കൊമേഴ്സ് 76.11ശതമാനവുമാണ് വിജയം. ഇത്തവണ സയൻസ് വിഭാഗത്തിൽ മാത്രമായി 189411 പേർ പരീക്ഷയെഴുതിയതിൽ 160696 പേരാണ് ഉന്നത പഠനത്തിന് അർഹത നേടിയത്. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 76835 പേർ പരീക്ഷ എഴുതിയതിൽ 51144 പേരാണ് ഉന്നത പഠനത്തിന് അർഹത നേടിയത്.

എറണാകുളമാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല (84.21%). വയനാട് ജില്ലയാണ് ഏറ്റവും കുറവ് (72.13%). സംസ്ഥാനത്ത് 63 സ്കൂളുകൾ 100ശതമാനം വിജയം നേടി. ഇതിൽ ഏഴെണ്ണം സർക്കാർ സ്കൂളുകളാണ്.  എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വർധനവുണ്ടായി. ഇത്തവണ എല്ലാ വിഷയങ്ങളിലും 39,242 പേരാണ് എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5427പേരുടെ വർധനവാണുണ്ടായത്.സർക്കാർ സ്കൂളുകളിൽ 100 ശതമാനം വിജയം നേടിയ സ്കൂൾ അധികം ഇല്ലാത്തതിൽ അന്വേഷണം നടത്തുമെന്നും രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. 

മികച്ച ഗുണനിലവാരത്തോടെ ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കി വിദ്യാർത്ഥികളെ ഉന്നത പഠനത്തിനായി ഒരുക്കുകയെന്നതാണ് ലക്ഷ്യം.മികച്ച രീതിയിൽ അധ്യയനം നടന്ന വർഷമാണ് 2023-24 എന്നും മന്ത്രി പറഞ്ഞു. വിജയിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനം. പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് നിരാശ വേണ്ടെന്നും വീണ്ടും വിജയിക്കാമെന്നും മന്ത്രി പറഞ്ഞു. സേ പരീക്ഷയുടെ വിജ്ഞാപനവും ഇന്ന് തന്നെ പുറത്തിറക്കും. 

നാല് ലക്ഷത്തി നാൽപത്തിയൊന്നായിരത്തി ഒരുന്നൂറ്റി ഇരുപത് വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 29,300 പേരാണ് വി എച്ച് എസ്ഇ പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്നിനാണ് ഹയർസെക്കന്ററി മൂല്യ നിർണ്ണയ ക്യാമ്പ് തുടങ്ങിയത്. 77 ക്യാമ്പുകളിൽ 25000 ത്തോളം അധ്യാപകർ പ്ലസ് വൺ പ്ലസ് ടു മൂല്യനിർണ്ണയത്തിൽ പങ്കെടുത്തു. വൊക്കേഷണൽ ഹയർസെക്കൻററി റഗുലർ വിഭാഗത്തിൽ 27798 കുട്ടികളും 1,502 കുട്ടികൾ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.


പരീക്ഷാ ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

ഹയർ സെക്കൻഡറി പരീക്ഷാ ഫലം

 www.prd.kerala.gov.in 

www.keralaresults.nic.in

 www.result.kerala.gov.in

 ww.examresults.kerala.gov.in 

www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
 


വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം

www.keralaresults.nic.in 

www.vhse.kerala.gov.in

www.results.kite.kerala.gov.in

 www.prd.kerala.gov.in 

www.examresults.kerala.gov.in

www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

 

kerala exam result plus two vhsc result