തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ രണ്ടാം പിണറായി സർക്കാരിന്റെ 2023 ലെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 900 വാഗ്ദാനങ്ങൾ സര്‍ക്കാര്‍ നടപ്പിലാക്കിയെന്നാണ് 300 പേജുള്ള റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്.
കെ-ഫോണ്‍, ഐടി പാര്‍ക്ക്, സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍, തുടങ്ങി 12-ൽ അധികം വിഭാഗങ്ങളിലായി ചെയ്യുമെന്ന് പറഞ്ഞ പദ്ധതികൾ നടപ്പിലാക്കാനായി സ്വീകരിച്ച നടപടികളാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിൽ അടങ്ങിയിട്ടുള്ളത്. കൂടാതെ കേന്ദ്ര നയങ്ങള്‍ക്കെതിരെ സ്വീകരിച്ച കാര്യങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ഏറെ പഴികേട്ട പോലീസ് സംവിധാനത്തിന്റെ പരിഷ്‌കാരങ്ങളും പ്രോഗ്രസ് റിപ്പോര്‍ട്ടിൽ പരാമര്‍ശിക്കുന്നുണ്ട്.
തൊഴില്‍ നല്‍കാന്‍ സ്വീകരിച്ച നടപടികള്‍, കൂടുതല്‍ ഐടി കമ്പനികളെ കേരളത്തിലേക്ക് എത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍, വ്യവസായ സൗഹൃദ സംസ്ഥാനമാകാന്‍ എടുത്ത ശ്രമങ്ങള്‍ എന്നിവ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
നടപ്പിലാക്കിയ കാര്യങ്ങളൊക്കെയും സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ മുങ്ങിപ്പോകുന്നുവെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായിക്കൂടിയാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാമ്പത്തിക പ്രതിസന്ധി, പെന്‍ഷന്‍ മുടങ്ങല്‍, കടം വര്‍ധിക്കല്‍ തുടങ്ങി നിരവധി പ്രതിസന്ധികൾക്കിടെയാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.