തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസത്തോളം നീണ്ട കാടിളക്കിയുള്ള പ്രചാരണത്തിനൊടുവിൽ കലാശക്കൊട്ട് അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ അവസാനവട്ട കണക്ക് കൂട്ടലുകളിലാണ് സ്ഥാനാർഥികൾ. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടത്തിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനവും കേരളമാണ്.
ഇന്ന് വൈകുന്നേരം ആറുമണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. അവസാന 48 മണിക്കൂറിൽ നിശ്ശബ്ദപ്രചാരണത്തിന് മാത്രമാണ് അനുവാദമുള്ളത്. നിശബ്ദ പ്രചാരണത്തിന് മാത്രം അനുവാദമുള്ള സമയങ്ങളിൽ നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി മദ്യവിതരണം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, പണംകൈമാറ്റം തുടങ്ങിയ നിയമവിരുദ്ധ ഇടപെടലുകൾ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള അവസാന 48 മണിക്കൂറുകളില്‍ മദ്യനിരോധനവും ഏർപ്പെടുത്തും. ഈ സമയങ്ങളിൽ മദ്യവിതരണത്തിനും വിൽപ്പനയ്ക്കും നിരോധനമുണ്ട്.
വാക്പോരും നിയമ പോരാട്ടവുമൊക്കെയായി കൊണ്ടും കൊടുത്തും മുന്നേറിയ വാശിയേറിയ പ്രചാരണത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്. പ്രചാരണ രംഗത്തെ ഒരു മാസക്കാലം കണ്ട ശക്തി പ്രകടനത്തിൻ്റെ അവസാന വട്ട മാറ്റുരക്കൽ വേദിയായി ഇന്നത്തെ കലാശക്കൊട്ട് മാറും. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലെ കൊട്ടിക്കലാശം മുന്നണികളുടെ ബലാബലത്തിൻ്റെ പരീക്ഷണം കൂടിയായി മാറും. നാളെ നിശബ്ദ പ്രചരണത്തിന്റെ ദിനമാണ്. കാടിളക്കിയുള്ള പ്രചാരണത്തിന് കൊടിയിറങ്ങുമ്പോൾ മുന്നണികള്‍ക്ക് ആത്മവിശ്വാസത്തിനൊപ്പം ആശങ്കയും ബാക്കിയാണ്.
ഒന്നരമാസത്തിനിടെ മാറിമറിഞ്ഞ പ്രചരണ വിഷയങ്ങളിൽ വോട്ടർമാരെ സ്വാധീനിച്ചത് എന്തൊക്കെയെന്നത് ഏറെ പ്രധാനം. വെള്ളിയാഴ്ച സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ പ്രവചനാതീതമായ അടിയൊഴുക്കുകൾ തന്നെയാകും തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാവുക. ആ സസ്പെൻസ് ത്രില്ലറിനായി ജൂൺ നാല് വരെ കാത്തിരിക്കുകയും വേണം.
കേരളമടക്കം 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്. 1206 സ്ഥാനാർത്ഥികൾ രണ്ടാം ഘട്ടത്തിൽ മത്സരിക്കും. കേരളത്തിലെ 20 മണ്ഡലങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം മണ്ഡലങ്ങളിൽ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് കർണാടകയിലാണ്. കർണാടകയിലെ 14 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ബിഹാറിലെ പൂർണിയ, ഉത്തർ പ്രദേശിലെ മഥുര, ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ്, രാജസ്ഥാനിലെ ജോദ്പൂർ എന്നിവ പ്രധാന മണ്ഡലങ്ങളാണ്. വാശിയേറിയ പ്രചാരണം നടന്ന മണ്ഡലങ്ങളിൽ ശുഭപ്രതീക്ഷയിലാണ് പാർട്ടികൾ.