ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് നിയമനം; ചരിത്ര നേട്ടവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

എറണാകുളത്ത് നടന്ന അദാലത്തിൽ 1084 ഫയലുകളും കൊല്ലത്ത് നടത്തിയ അദാലത്തിൽ 692 ഫയലുകളും തീർപ്പാക്കി. നിയമന അംഗീകാരങ്ങളും ഓഡിറ്റ് സംബന്ധിയായ കാര്യങ്ങൾക്കും മുൻഗണന നൽകിയാണ് അദാലത്ത് തീർപ്പാക്കുന്നത്’, മന്ത്രി വ്യക്തമാക്കി.

author-image
Vishnupriya
New Update
min
Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: ഇടതുസർക്കാർ അധികാരത്തിലെത്തിയ ശേഷം ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്കൂളുകളിൽ നിയമനം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളിൽ 2023 ഡിസംബർ 31 വരെ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന ഉത്തരമേഖല ഫയൽ അദാലത്ത് നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എറണാകുളത്ത് നടന്ന അദാലത്തിൽ 1084 ഫയലുകളും കൊല്ലത്ത് നടത്തിയ അദാലത്തിൽ 692 ഫയലുകളും തീർപ്പാക്കി. നിയമന അംഗീകാരങ്ങളും ഓഡിറ്റ് സംബന്ധിയായ കാര്യങ്ങൾക്കും മുൻഗണന നൽകിയാണ് അദാലത്ത് തീർപ്പാക്കുന്നത്’, മന്ത്രി വ്യക്തമാക്കി. വയനാട് ജില്ലയ്ക്ക് വേണ്ടി ഉത്തരമേഖല അദാലത്തിൽ ഹെൽപ്പ്ഡസ്ക് ഉണ്ടെങ്കിലും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിനായി പ്രത്യേക അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു .

മേഖലകൾ തിരിച്ചുള്ള അദാലത്തിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസും കേന്ദ്രീകരിച്ച് അദാലത്തുകൾ നടത്തും. ഇതോടെ കെട്ടിക്കിടക്കുന്ന ഫയലുകളിൽ വലിയൊരളവുവരെ തീർപ്പാക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരിപാടിയിൽ വെച്ച് പ്രൈവറ്റ് ഏജന്റ്സ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. അദാലത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നാല് ജില്ലകൾക്കും വേണ്ടി പ്രത്യേക ഫ്രണ്ട് ഓഫീസ്, സഹായ കേന്ദ്രങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

Minister Shivankutty