ന്യൂഡൽഹി: ബാർ കോഴ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, കെ. ബാബു, കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി എന്നിവർക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് ആണ് ആവശ്യം തള്ളിയത്. പൊതുപ്രവർത്തകനായ പി.എൽ. ജേക്കബ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീം കോടതി നിർദേശിച്ചാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ നേരത്തേ സത്യവാങ്മൂലം നൽകിയിരുന്നു. 2015ൽ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു, ബാർ ലൈസൻസുകൾ പുതുക്കുന്നതിനും ലൈസൻസ് തുക കുറയ്ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റിയിരുന്നുവെന്ന് പ്രശാന്ത് ഭൂഷൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ജേക്കബിനുവേണ്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷനാണ് കോടതിയിൽ ഹാജരായത്.
ജോസ് കെ.മാണിയെ ഒഴിവാക്കി ഒന്നാം പിണറായി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കെ.ബാബുവിനെതിരെ തെളിവില്ലെന്നു പറഞ്ഞ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രമേശ് ചെന്നിത്തലയ്ക്കും വി.എസ്.ശിവകുമാറിനുമെതിരായ കേസ് സംബന്ധിച്ച് വിജിലൻസ് യാതൊന്നും വെളിപ്പെടുത്തിയിട്ടില്ല.