നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും

വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് വെള്ളിയാഴ്ച സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയിൽ സംസാരിക്കും.

author-image
anumol ps
New Update
legislative assembly

 


തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാവും. തൃശ്ശൂർ പൂരം കലക്കൽ, എഡിജിപി - ആർ.എസ്.എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം എന്നിവയടക്കം ഭരണപക്ഷത്തിനെതിരായ നിരവധി ആരോപണങ്ങൾ കത്തി നിൽക്കെയാണ് നിയമസഭാ സമ്മേളനം എന്നതും ശ്രദ്ധേയമാണ്. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് വെള്ളിയാഴ്ച സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയിൽ സംസാരിക്കും.

വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ആവശ്യപ്പെട്ട തുക നൽകാത്തതിൽ കേന്ദ്രത്തിനെതിരായ വിമർശനം ഭരണപക്ഷം ഉയർത്തും. വിഷയത്തിൽ പ്രതിപക്ഷവും നിലപാട് അറിയിക്കും. അതേസമയം, കണക്കുകളിലെ പ്രശ്നങ്ങൾ പ്രതിപക്ഷം ഉയർത്തും. ഈ മാസം 7ന് സഭ സമ്മേളനം തുടരുമ്പോൾ സർക്കാറിനെതിരെ നിയമസഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇടത് സ്വതന്ത്രൻ അൻവറിൻറെ സീറ്റ് മാറ്റം കൊണ്ടും ഈ സമ്മേളനം ശ്രദ്ധേയമാകും. എൽഡിഎഫ് മുന്നണി വിട്ട അൻവർ പ്രതിപക്ഷ നിരയിൽ പ്രത്യേക ബ്ലോക്കായിട്ടായിരിക്കും ഇരിക്കുക.

അതേസമയം, ഒമ്പതു ദിവസംചേരുന്ന സമ്മേളനത്തിന്റെ പ്രധാന അജൻഡ നിയമനിർമാണമാണ്‌. ആറു ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കു വരും. 18ന്‌ സമ്മേളനം അവസാനിക്കുമെന്ന്‌ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കേരള വെറ്ററിനറി ആൻഡ്‌ ആനിമൽ സയൻസ്‌ സർവകലാശാലാ (ഭേദഗതി) ബിൽ, കേരള കന്നുകാലി പ്രജനന ബിൽ, കേരള പബ്ലിക്‌ സർവീസ്‌ കമീഷൻ ഭേദഗതി ബിൽ, കേരള ജനറൽ സെയിൽസ്‌ ടാക്സ്‌ ഭേദഗതി ബിൽ, പേമെന്റ്‌ ഓഫ്‌ സാലറീസ്‌ ആൻഡ്‌ അലവൻസ്‌ (ഭേദഗതി) ബിൽ എന്നിവയാണ്‌ സമ്മേളനം പരിഗണിക്കുക. കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിന്‌ പകരമുള്ള ബില്ലും പരിഗണിക്കുമെന്നും സ്പീക്കർ അറിയിച്ചു. 

 

kerala assembly session