പാലക്കാട്: വിവാദ കത്ത് വിഷയത്തിൽ കെ സുധാരകനെ തള്ളി കെ സി വേണുഗോപാൽ. രാഹുൽ പാർട്ടി സ്ഥാനാർത്ഥിയെന്ന് പറഞ്ഞ കെ സി വേണുഗോപാൽ സുധാകരനെതിരെ രംഗത്തുവരുന്ന പ്രധാനപ്പെട്ട നേതാക്കളുടെ നിരയിലെത്തി. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ നോമിനിയാണ് എന്നാണ് കെസി വേണുഗോപാൽ പറഞ്ഞത്.
കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ അവരാണ് സ്ഥാനാർത്ഥി. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പാലക്കാടെന്നും ഏറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിൽ മികച്ച ഭൂരിപക്ഷത്തിൽ പാലക്കാട് വിജയിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മുരളീധരൻ പാലക്കാട്ടേക്കെത്തുമോ എന്ന ചോദ്യത്തിന് എത്തും എന്ന മറുപടിയുമാണ് അദ്ദേഹം നൽകിയത്.
കെ മുരളീധരന്റെ പേരിനേക്കാൾ കൂടുതൽ ഉയർന്നുവന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരാണെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞത്. വടകര എംപി ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. നേരത്തെ സുധാകരനെ തള്ളി എം എം ഹസ്സനും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും രംഗത്തുവന്നിരുന്നു. സുധാകരന്റെ പേരെടുത്തുപറഞ്ഞായിരുന്നു ഹസ്സന്റെ പ്രതികരണം. 'യഥാർത്ഥത്തിൽ സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. രാഹുൽ കെപിസിസിയുടെ നോമിനി ആണെന്നാണ് യഥാർത്ഥത്തിൽ പറയേണ്ടിയിരുന്നത്. കെപിസിസിയല്ലേ ഏകകണ്ഠമായി രാഹുലിനെ തീരുമാനിച്ചത്. ഇലക്ഷൻ കമ്മിറ്റിയിൽ ആരെങ്കിലും ഒരാളുടെ പേര് പറഞ്ഞാൽ ആ വ്യക്തിയുടെ നോമിനിയാകില്ലല്ലോ. എല്ലാ പാർട്ടിയിയിലും അങ്ങനെയല്ലേ…'; സുധാകരന്റെ പരാമർശങ്ങളെ തള്ളിക്കൊണ്ട് ഹസ്സൻ പറഞ്ഞു.