കൊച്ചി: നടി കവിയൂർ പൊന്നമ്മയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്കരിക്കും. രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൾ ടൗൺ ഹാളിലാണ് പൊതുദർശനം.ശേഷം സംസ്കാരം വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ നടക്കും. നിലവിൽ ലിസി ആശുപത്രിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വാർധക്യസഹജമായ രോഗങ്ങളാൽ ഇന്നലെയാണ് മരണം സംഭവിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട 'അമ്മ' യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂർ പൊന്നമ്മ. 20ാം വയസിൽ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകൾ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.
ഇതിനകം നാനൂറിലേറെ ചിത്രങ്ങളില്ലാണ് നടി അഭിനയിച്ചത്. സ്‌ക്രീനിൽ മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിച്ച അമ്മ-മകൻ കൂട്ടുക്കെട്ട് മോഹൻലാൽ-കവിയൂർ പൊന്നമ്മ കോംബോ ആയിരുന്നു. കിരീടത്തിലും ചെങ്കോലിലും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലും തുടങ്ങി നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ അമ്മ വേഷങ്ങളിൽ മോഹൻലാലിനൊപ്പം കവിയൂർ പൊന്നമ്മ എത്തി.
മലയാളത്തിൽ ഒരു കാലഘട്ടത്തിന് ശേഷം നിത്യജീവിതത്തിന്റെ ഭാഗമെന്ന നിലയിൽ കളിയായും കാര്യമായും ഉപയോഗിക്കുന്ന 'ഉണ്ണി വന്നോ' എന്ന ചോദ്യത്തിന്റെ മുഖമായതും കവിയൂർ പൊന്നമ്മയാണ്. ഹിസ് ഹൈനസ് അബ്ദുള്ളയിലെ ആ ചിത്തഭ്രമം ബാധിച്ച തമ്പുരാട്ടിയെ മലയാളികൾക്ക് മറക്കാനാകില്ല.
സിനിമയ്‌ക്കൊപ്പം ടെലിവിഷൻ സീരിയലുകളിലും പൊന്നമ്മ സജീവമായിരുന്നു. മാത്രമല്ല, സിനിമാ-നാടക പിന്നണി ഗാനരംഗത്തും പൊന്നമ്മ കഴിവ് തെളിയിച്ചിട്ടുണ്ട്. നിർമാതാവായ മണിസ്വാമിയെയായിരുന്നു കവിയൂർ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ൽ മണിസ്വാമി അന്തരിച്ചു. മകൾ ബിന്ദു അമേരിക്കയിലാണ് താമസം.