തൃശൂർ: കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകും.രാവിലെ 10 മണിക്ക് ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകാനാണ് ഇ.ഡി നിർദേശം നൽകിയിരിക്കുന്നത്.കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
കേസിൽ സിപിഐഎമ്മിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്വത്ത് വിവരങ്ങളും ഹാജരാക്കാനും ഇഡി നിർദേശം നൽകിയിട്ടുണ്ട്.കേസിൽ അന്വേഷണം വീണ്ടും ഊർജിതമാക്കിയ സാഹചര്യത്തിൽ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇഡി പറയുന്നത്.കരുവന്നൂർ ബാങ്കിൽ മാത്രമല്ല തൃശൂർ ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളിലും സിപിഐഎമ്മിന് അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
അതിനാൽ ജില്ലയിൽ പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനാണ് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനോട് ഇഡി നിർദേശിച്ചിരിക്കുന്നത്.ഇക്കഴിഞ്ഞ 22ന് ഹാജരാകാൻ ആണ് ഇ ഡി വർഗീസിന് സമൻസ് നൽകിയത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ആയതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് വർഗീസ് മറുപടി നൽകുകയായിരുന്നു.
തൊട്ടടുത്ത ദിവസങ്ങളിലും തുടർച്ചയായി നോട്ടീസ് നൽകിയെങ്കിലും വർഗീസ് ഹാജരായിരുന്നില്ല.തുടർന്ന് തിരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞതിനാൽ ഹാജരാകാൻ തയ്യാറാണെന്ന് വർഗീസ് അറിയിക്കുകയായിരുന്നു. മുൻപും പല തവണ വർഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മുൻ എംപി പി കെ ബിജുവിനെയും ഇഡി അടുത്തിടെ ചോദ്യം ചെയ്തിരുന്നു.