തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി. തൃശ്ശൂരിലെ സിപിഐഎമ്മിന്റെ സ്വത്തുവകകളെക്കുറിച്ച് കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് ഇഡി.സ്വത്തുകളുടെ രേഖകൾ ഉടൻ ഹാജരാക്കണമെന്ന് ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്സിന് ഇ.ഡി നിർദേശം നൽകിയിട്ടുണ്ട്.വ്യാഴാഴ്ച്ച ഹാജരാകാനാണ് എം എം വർഗ്ഗീസിന് നിർദേശം നൽകിയിരിക്കുന്നത്.
നിലവിൽ 101 സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങൾ പാർട്ടി മറച്ചുവെച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഈ കണ്ടെത്തലിന് പിന്നാലെയാണ് വിശദപരിശോധനയ്ക്ക് ഇഡി ഒരുങ്ങുന്നത്.തൃശ്ശൂർ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലേക്കും അന്വേഷണം വ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കേസിൽ സിപിഐഎമ്മിന്റെ സ്വത്തുവിവരങ്ങൾ പൂർണ്ണമായും ശേഖരിക്കാനുള്ള നീക്കത്തിലാണ് ഇ.ഡി.തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച എം എം വർഗ്ഗീസ്, പി കെ ബിജു, പി കെ ഷാജിർ എന്നിവരെ ചോദ്യം ചെയ്തത്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് ചോദ്യം ചെയ്യലിന് ശേഷം എം എം വർഗ്ഗീസ് പ്രതികരിച്ചു.
അതെസമയം എം എം വർഗ്ഗീസിനേയും പി കെ ബിജുവിനേയും വീണ്ടും ഇ.ഡി ചോദ്യം ചെയ്തേക്കും.പി കെ ബിജു 22 ന് ഹാജരാകണം. മുൻ മന്ത്രി എ സി മൊയ്തീൻ ഉൾപ്പടെ നേരത്തെ ചോദ്യം ചെയ്ത നേതാക്കളെ വീണ്ടും വിളിപ്പിച്ചേക്കും. കരുവന്നൂരിൽ കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം. ഇഡിയുടെ കണ്ടെത്തലുകൾ തള്ളുമ്പോഴും പ്രതിരോധത്തിലാണ് സിപിഐഎം നേതൃത്വം. അറസ്റ്റ് ഉൾപ്പടെ കടുത്ത നടപടിയിലേക്ക് ഇഡി കടന്നാൽ രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് പാർട്ടിയുടെ തീരുമാനം.