കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടു കേസിൽ ഇഡി പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് വിട്ടു നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. രേഖകളുടെ പരിശോധന രണ്ടു മാസത്തിനകം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. കൊച്ചി പിഎംഎൽഎ കോടതിയിലുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടത്.
കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് 2021 ജൂലൈയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്. ഒരു വർഷത്തിന് ശേഷമാണ് ഇഡി കേസന്വേഷണം തുടങ്ങുന്നതും ബാങ്കിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുക്കുന്നതും. അനധികൃതമായി വായ്പകൾ അനുവദിച്ചത് അടക്കമുള്ള രേഖകളാണ് ഇഡി പിടിച്ചെടുത്തത്.
ഈ രേഖകൾ ആധികാരികമാണോയെന്ന് ഉറപ്പാക്കാൻ ഫോറൻസിക് പരിശോധന അടക്കം നടത്തണമെന്നും, എന്നാൽ ഇഡിയുടെ കസ്റ്റഡിയിൽ ആയതിനാൽ പരിശോധന നടത്താനാകാത്തത് കേസന്വേഷണം വഴിമുട്ടിച്ചുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. പ്രതിപ്പട്ടിക അടക്കം നിശ്ചയിക്കുന്നതിൽ പ്രതിസന്ധിയിലായി എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.