കൊച്ചി: ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് കൊല്‍ക്കത്ത സ്വദേശിനിയായ എയര്‍ ഹോസ്റ്റസ് കണ്ണൂരില്‍ പിടിയിലായ കേസില്‍ കൂടുതല്‍ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്.
ഇന്റലിജന്‍സ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ കൊല്‍ക്കത്ത സ്വദേശി സുരഭി ഖത്തൂണിനെ കടത്തുസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ സുഹൈലിന് പങ്കുണ്ടെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. സുഹൈലിന് കാബിന്‍ ക്രൂ ആയി പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന സുഹൈലിനായി ഡി.ആര്‍.ഐ. റിമാന്‍ഡ് അപേക്ഷ നല്‍കും.
മസ്‌കത്തില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 714 വിമാനത്തില്‍ കണ്ണൂരിലെത്തിയ സുരഭി ഖത്തൂണില്‍നിന്ന് 960 ഗ്രാം സ്വര്‍ണ്ണം കഴിഞ്ഞ ചൊവ്വാഴ്ച പിടിച്ചെടുത്തിരുന്നു. 65 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തതത്. 14 ദിവസത്തെ റിമാന്‍ഡിലുള്ള സുരഭി നിലവില്‍ കണ്ണൂര്‍ വനിതാ ജയിലിലാണ്.