കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു വീണു. വെള്ളം കുത്തിയൊലിച്ചെത്തിയതോടെ സമീപത്തെ വീടുകളിലും വെള്ളം കയറി. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. മതിവൽ തകർന്നതോടെ സമീപത്തെ വീടുകൾ വെള്ളത്തിനടിയിലാവുകയും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.
വിമാനത്താവളത്തിന്റെ സമീപത്ത് താമസിക്കുന്ന മോഹനൻ എന്നയാളുടെ വീടിനുള്ളിലേക്കാണ് ആദ്യം വെള്ളം കുത്തിയൊലിച്ചെത്തിയത്. വീടിനുള്ളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റ് സാധനങ്ങളും വെള്ളം കയറി നശിച്ചതായി മോഹനൻ പറഞ്ഞു. ഇത്തരത്തിൽ നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ വന്നതായി പ്രദേശവാസികൾ അറിയിച്ചു. മഴ നിലവിൽ ശമിച്ചിട്ടുണ്ടെങ്കിലും വീണ്ടും ശക്തിപ്രാപിച്ചാൽ വെള്ളം കുത്തിയൊലിച്ചെത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ.