കണ്ണൂർ:എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്കെതിരെയും പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ കളക്ടർ സ്ഥാനത്തുനിന്ന് അരുൺ കെ വിജയനെ മാറ്റിയേക്കും. നവീന്റെ കുടുംബവും പത്തനംതിട്ട സിപിഐഎമ്മും എഡിഎമ്മിന്റെ ഓഫിസിലെ ചില ഉദ്യോഗസ്ഥരും യാത്രയയപ്പ് ദിവസത്തെ വിവാദ പ്രസംഗത്തിൽ കളക്ടറുടെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് നീക്കം. റവന്യൂ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി ലഭിച്ചാലുടൻ അരുൺ കെ വിജയനെ മാറ്റും.
എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയും ഫയൽ നീക്കവും സംബന്ധിച്ച വിശദാന്വേഷണ ചുമതലയിൽ നിന്ന് കളക്ടർ അരുൺ കെ വിജയനെ മാറ്റിയിട്ടുണ്ട്. കളക്ടർ അരുൺ കെ വിജയന്റെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. മൊഴിയെടുക്കാൻ പൊലീസ് അനുമതി തേടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കളക്ടറെ വിശദാന്വേഷണ ചുമതലയിൽ നിന്ന് നീക്കിയിരിക്കുന്നത്. നവീന്റെ മരണത്തിൽ കളക്ടറുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറുമെന്നാണ് വിവരം. പ്രാഥമിക അന്വേഷണത്തിൽ നവീന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട്. പെട്രോൾ പമ്പിന് എൻഒസി നൽകിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കവെ ജില്ലാ കളക്ടറുടെ റിപ്പോർട്ടും ഏറെ നിർണായകമാണ്.
കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെ കൂടി അന്വേഷണ പരിധിയിലേക്ക് കൊണ്ടു വരണമെന്ന ആവശ്യത്തിൽ തന്നെയാണ് നവീൻ ബാബുവിന്റെ കുടുംബവും സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും. യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത കൂടുതൽ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കണ്ണൂർ ജില്ലാ കലക്ടർക്കെതിരെ എഡിഎമ്മിന്റെ ഓഫീസിലെ ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പി പി ദിവ്യയുടെ പരാമർശങ്ങളെക്കുറിച്ച് കളക്ടർക്ക് മുൻകൂർ അറിവെന്ന് സംശയിക്കുന്നതായുംകളക്ടർ ഇടപെടാതിരുന്നത് ഞെട്ടിച്ചിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി. ക്ഷണിച്ചിട്ടാണ് പരിപാടിക്ക് എത്തിയതെന്ന പിപി ദിവ്യയുടെ വാദവും ജീവനക്കാർ നിരാകരിക്കുന്നു. ദിവ്യയെ ക്ഷണിച്ചതായി സ്റ്റാഫ് കൗൺസിലിൽ ആർക്കും അറിവില്ലെന്നും ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.