നവീന്‍ ബാബുവിനെതിരെയുള്ള ആരോപണം തള്ളി കണ്ണൂര്‍ കളക്ടര്‍; ദിവ്യയെ ഇന്ന് ചോദ്യം ചെയ്യാൻ സാധ്യത

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിരുന്നു.

author-image
Vishnupriya
New Update
ADM

കണ്ണൂര്‍: പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ച ആരോപണം തള്ളി കണ്ണൂര്‍ ജില്ലാ കളക്ടര്‍. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎമ്മിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതുപ്രകാരം അന്വേഷണം നടത്തിയ കളക്ടറുടെ റിപ്പോര്‍ട്ടിലാണ് നവീന്‍ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തലുള്ളത്. റിപ്പോര്‍ട്ട് വെള്ളിയാഴ്ച സര്‍ക്കാരിന് കൈമാറും.

പെട്രോള്‍ പമ്പിന്റെ എന്‍ഒസി ഫയല്‍ നവീന്‍ ബാബുവിന്റെ കൈവശമുണ്ടായിരുന്നത് ആറു ദിവസം മാത്രമാണ്. പമ്പിന് അനുമതി നല്‍കരുതെന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ ഉള്ള ഫയലാണ് നവീന് ലഭിച്ചത്. വളവില്‍ പമ്പ് അനുവദിക്കരുതെന്ന പിഡബ്ല്യുഡി റിപ്പോര്‍ട്ടും വളവില്‍ അപകടസാധ്യതയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടുമായിരുന്നു ഫയലില്‍ ഉണ്ടായിരുന്നത്. ഇവ പരിശോധിച്ച ശേഷമാണ് പമ്പിന് എന്‍ഒസി നല്‍കിയതെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രണ്ട് കാര്യങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ കാലതാമസം ഉണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പൊലീസ് വെള്ളിയാഴ്ച ചോദ്യം ചെയ്‌തേക്കും. നവീന്‍ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം നീക്കിയിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലായിരുന്നു തീരുമാനം. സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കേസുകൂടിയുള്ളതിനാല്‍ ദിവ്യയെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.

kannur adm pp divya adm naveen babu