കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍. ശനിയാഴ്ച രാത്രി മുഖ്യമന്ത്രിയുടെ പിണറായിയിലെ വസതിയിലെത്തിയാണ് കളക്ടര്‍ മുഖ്യമന്ത്രിയെ കണ്ടത്. നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചുള്ള ചര്‍ച്ച 20 മിനിറ്റിലേറെ നീണ്ടുനിന്നെന്നാണ് റിപ്പോര്‍ട്ട്. കളക്ടറുടെ മൊഴി രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് പിന്നാലെയാണ് കൂടിക്കാഴ്ച.
ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ.ഗീതയ്ക്ക് മുന്നില്‍ മൊഴി നല്‍കിയ ശേഷമായിരുന്നു കളക്ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എ.ഡി.എമ്മിന്റെ യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നായിരുന്നു കളക്ടറുടെ മൊഴി. എ.ഗീത റിപ്പോര്‍ട്ട് നല്‍കിയാല്‍ കളക്ടര്‍ക്കെതിരേ നടപടിക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
സംഭവത്തില്‍ തന്റെ നിരപരാധിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കാനായിരുന്നു അരുണ്‍ കെ. വിജയന്‍ അദ്ദേഹത്തെ കണ്ടതെന്നാണ് സൂചനകള്‍. എ.ഡി.എമ്മിന്റെ യാത്രയയപ്പ്, അതിലുണ്ടായ സംഭവങ്ങള്‍ എന്നിവയും ചര്‍ച്ചയായിട്ടുണ്ടാവാമെന്നും വിലയിരുത്തലുണ്ട്. വിവാദത്തില്‍ കളക്ടര്‍ക്കെതിരേ നടപടിയുണ്ടായേക്കുമെന്നുള്ള അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.
എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നതിനായാണ് സര്‍ക്കാര്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ.ഗീതയ്ക്കാണ് അന്വേഷണ ചുമതല. യാത്രയയപ്പ് യോഗം, പി.പി.ദിവ്യയുടെ ആരോപണം, എ.ഡി.എമ്മിന്റെ ആത്മഹത്യ തുടങ്ങിയവയാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതില്‍ ജില്ലാ കളക്ടര്‍ നല്‍കിയ മൊഴി വളരെ അധികം നിര്‍ണായകമാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കളക്ടര്‍ ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് ദിവ്യ പറഞ്ഞിരുന്നു. ഇതോടെയാണ് കളക്ടര്‍ക്കെതിരേ നടപടിക്ക് സാധ്യത തെളിയുന്നത്.
അതേസമയം, ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിട്ടും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ചോദ്യം ചെയ്യാന്‍ പോലീസ് കാലതാമസം വരുത്തുന്നുവെന്ന ആക്ഷേപങ്ങളും ശക്തമാണ്. ദിവ്യയെ പ്രതി ചേര്‍ത്ത് മൂന്ന് ദിവസം പിന്നിട്ടിട്ടും അവര്‍ എവിടെയാണെന്ന് പോലും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ തലശ്ശേരി സെഷന്‍സ് കോടതി പരിഗണിക്കും. ഇതുവരെയുള്ള സാവകാശമാണ് പോലീസ് നല്‍കുന്നതെന്നാണ് ആരോപണങ്ങള്‍.