കണ്ണൂര്‍: അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ ആത്മഹത്യ ചെയ്ത എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ ആഭ്യന്തര അന്വേഷണം. കണ്ണൂര്‍ ഡി.വൈ.എസ്പി അടക്കമുള്ളവര്‍ക്കെതിരേയാണ് അന്വേഷണം. വിജിലന്‍സ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് മുമ്പ് കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ പ്രശാന്തന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രശാന്തന്‍ വിജിലന്‍സില്‍ നല്‍കിയ പരാതി ഗൗരവമായി കണ്ടില്ലെന്ന് ആക്ഷേപമുയരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര അന്വേഷണം. അതേസമയം സംഭവത്തില്‍ കളക്ടറുടെ മൊഴി പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തും.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നാണ് പ്രശാന്തന്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നത്. പണം നല്‍കുന്നതിന് മുമ്പോ പണം നല്‍കിയതിന് തൊട്ടുപിന്നാലെയോ ഇക്കാര്യം പറയണമായിരുന്നുവെന്നും എന്നാല്‍ മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ എന്നുമാണ് വിജിലന്‍സ് അറിയിച്ചതെന്നാണ് പ്രശാന്തന്‍ പറയുന്നത്. പിന്നീട് കൃത്യമായ അന്വേഷണവും നടന്നില്ല. പരാതി എന്തുകൊണ്ട് ഗൗരവമാക്കിയില്ലെന്ന ആക്ഷേപമുയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വിജിലന്‍സിന്റെ ആഭ്യന്തര അന്വേഷണം.
അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറുടെ മൊഴി പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തും. കണ്ണൂര്‍ കളക്ടറേറ്റിലെത്തിയാണ് പോലീസ് കളക്ടറുടെ മൊഴിയെടുക്കുക. നേരത്തേ നവീന്‍ ബാബുവിനെതിരേ ഗൂഢാലോചന നടന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. പി.പി ദിവ്യയ്ക്കും കളക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ആരോപണം. അതേസമയം കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ദിവ്യ പറയുന്നത്. ഈ വാദം കളക്ടര്‍ നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.