തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം കൊലപാതകത്തിന് തുല്യമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യക്കെതിരേയാണ് വി.ഡി.സതീശന്‍ പ്രതികരിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, നവീന്‍ ബാബുവിനെ അപമാനിക്കും വിധം സംസാരിച്ചു. ഇത് കൊലപാതകത്തിന് തുല്യമായ സംഭവമാണെന്നാണ് അദ്ദേഹം പറഞ്ഞത്. 'അഴിമതിക്കാരനെന്ന് പ്രതിപക്ഷ സംഘടനകള്‍ക്ക് പോലും അഭിപ്രായം ഇല്ലാത്ത ആളായിരുന്നു നവീന്‍ ബാബു. ക്ഷണിക്കപ്പെടാതെ വന്ന് അപമാനിച്ച് മടങ്ങുന്ന പെരുമാറ്റമാണ് ജില്ലാ പഞ്ചായത്ത് പ്രഡിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്', വി.ഡി.സതീശന്‍ പറഞ്ഞു.
'നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. സര്‍ക്കാര്‍ സര്‍വീസാണ് ഒരു നിമിഷം മതി എന്തെങ്കിലുമൊക്കെ സംഭവിക്കാന്‍. ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് മാത്രമായിരിക്കണം നമ്മളെല്ലാം പേന പിടിക്കേണ്ടത് എന്നുമാത്രമാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങിന് മുമ്പ് ഞാന്‍ ഇവിടെ നിന്ന് ഇറങ്ങുകയാണ്. അതിന് പ്രത്യേക കാരണമുണ്ട്". ആ കാരണം രണ്ട് ദിവസം കൊണ്ട് നിങ്ങള്‍ എല്ലാവരും അറിയുമെന്നും പറഞ്ഞാണ് ദിവ്യ വേദിവിട്ടത്.
പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം കിട്ടിയ നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്ന ചടങ്ങില്‍വെച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ആരോപണം ഉന്നയിച്ചത്. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ വൈകിയതുമായി ബന്ധപ്പെട്ടായിരുന്നു പി.പി ദിവ്യയുടെ ആരോപണം.