തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമ സിപിഎമ്മുകാരിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സത്യഭാമ ഒന്നാന്തരം സഖാത്തിയാണെന്നും അത് മറച്ച് വെക്കാൻ തങ്ങളുടെ തലയിലിടുകയാണെന്നും വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ പ്രതികരിച്ചു.
വിവാദത്തിലായപ്പോൾ സത്യഭാമയെ ബിജെപിക്കാരിയാക്കാൻ ശ്രമിക്കേണ്ടതില്ലെന്ന് പറഞ്ഞ സുരേന്ദ്രൻ ബിജെപിയിലുള്ള ഒരാൾക്കെങ്ങനെയാണ് സിപിഎം കമ്മിറ്റികളുടെ ശുപാർശ കത്ത് ലഭിക്കുക എന്നും ചോദിച്ചു.താൻ പ്രസിഡൻറായതിന് ശേഷം അവർക്ക് അംഗത്വം നൽകിയിട്ടില്ല. മുൻപ് അംഗത്വമെടുത്തവരിൽ പലരും പിന്നീട് പോയിട്ടുണ്ട്. അതിൽപ്പെട്ടയാളാണ് സത്യഭാമ. സിപിഎം ജില്ലാ കമ്മിറ്റിയുടെ അറിവോടെയാണ് കലാമണ്ഡലം സത്യഭാമയ്ക്ക് പല സ്ഥാനങ്ങളും ലഭിച്ചതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
'എൻറെ പാർട്ടിയിലെ അംഗമല്ല, സിപിഎമ്മുകാരിയാ. ബ്രാഞ്ച് കമ്മിറ്റിയിൽനിന്ന് കത്ത് വാങ്ങണം. ലോക്കൽ കമ്മിറ്റിയിൽനിന്ന് കത്ത് വാങ്ങിക്കണം. ഏരിയ കമ്മിറ്റിയിൽനിന്ന് കത്ത് വാങ്ങിക്കണം. ഞാൻ പറയണോ ഏത് നേതാവാണ് പറഞ്ഞതെന്ന്. തെരഞ്ഞെടുപ്പ് കാലത്ത് അത്തരം കാര്യങ്ങൾ പറയാത്തത് കൊണ്ടാണ്. ആരാണ് അവിടെ സീറ്റ് ശരിയാക്കി കൊടുത്തതെന്ന് അസലായിട്ട് അറിയാം.സിപിഎമ്മിൻറെ ഉന്നതനായ നേതാവാണ് അവർക്ക് ഇതെല്ലാം ശരിയാക്കി കൊടുത്തത്. വിവാദത്തിലായപ്പോൾ അപ്പുറത്തേക്കിടാൻ നോക്കേണ്ട. സിപിഎമ്മിൻറെ സ്വന്തം കുഞ്ഞാണ്, അതിൻറെ പിതൃത്വം നിങ്ങൾ തന്നെ ഏറ്റെടുക്കണം', അദ്ദേഹം പറഞ്ഞു.