വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണറിപ്പോര്‍ട്ട് ഹാജരാക്കാന്‍ വടകര പോലീസിന് നിര്‍ദേശം നല്‍കി വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി . കേസില്‍ പോലീസ് അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവരുടെ മൊബൈല്‍ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും 22-നുള്ളില്‍ ഹാജരാക്കണമെന്ന് മജിസ്ട്രേറ്റ് എ.എം. ഷീജ നിര്‍ദേശിച്ചു. ഹര്‍ജി 22-ന് കോടതി പരിഗണിക്കും.
കേസില്‍ നിരപരാധിയാണെന്നു ചൂണ്ടിക്കാട്ടി കാസിം നല്‍കിയ ഹര്‍ജി, പോലീസിനെയോ കീഴ്ക്കോടതിയെയോ സമീപിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. തുടര്‍ന്ന് പോലീസിനെ സമീപിച്ചെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ കാസിം അഡ്വ. മുഹമ്മദ് ഷാ മുഖേന വടകര മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് കാസിമിന്റേതെന്നപേരില്‍ കാഫിര്‍ പരാമര്‍ശം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരായിവന്നത്. എല്‍.ഡി.എഫിന്റെ പരാതിപ്രകാരം കാസിമിനെതിരേ കേസെടുത്തു. സന്ദേശം വ്യാജമായി ഉണ്ടാക്കിയതാണെന്ന യൂത്ത് ലീഗ് പരാതിയിലും കേസ് രജിസ്റ്റര്‍ചെയ്തു.
സ്‌ക്രീന്‍ഷോട്ട് സൃഷ്ടിച്ചതിലും പ്രചരിപ്പിച്ചതിലും കാസിമിന്റെ പങ്ക് തെളിഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് പോലീസ് നേരത്തേ ഹൈക്കോടതിയില്‍ നല്‍കിയത്. സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച സി.പി.എം. അനുകൂല സൈബര്‍ കൂട്ടായ്മകളെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കി. വടകരയിലെ ഡി.വൈ.എഫ്.ഐ. നേതാവുള്‍പ്പെടെ ഇതില്‍പ്പെട്ടിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നായിരുന്നു പോലീസ് അറിയിച്ചത്. ഇതിന്റെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.