കോഴിക്കോട് : വടകര ലോക്സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പ്രചരിച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിൽ മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെ.കെ.ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നു പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ ആണ് ഡിജിപിക്കു പരാതി നൽകിയത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് എതിരായി ലതികയുടെ ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ട സ്ക്രീൻഷോട്ട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായിരുന്നു.
സ്ഥാനാർഥിക്കെതിരെ തെറ്റായ പ്രചാരണം നടത്താനുള്ള നീക്കമാണു നടത്തിയതെന്നും പരാതിയിൽ പറയുന്നു. അതേസമയം, ‘കാഫിർ’ പ്രയോഗത്തിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത പോസ്റ്റ് കെ.കെ.ലതിക കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണു സ്ക്രീൻഷോട്ട് പിൻവലിച്ചു ഫെയ്സ്ബുക് പ്രൊഫൈൽ ലോക്ക് ചെയ്തത്. എന്നാൽ, ‘കാഫിർ’ പോസ്റ്റ് പിൻവലിച്ചു എന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ലതികയെ അറസ്റ്റു ചെയ്യണമെന്നും കെ.കെ.രമ എംഎൽഎ ആവശ്യപ്പെട്ടു.