തിരുവനന്തപുരം: കാഫിര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ഏഴ് എസ്പിമാരെയും രണ്ട് കമ്മിഷണര്‍മാരെയും സ്ഥലം മാറ്റി. കോഴിക്കോട് റൂറലിലാണ് കാഫിർ കേസ് റജിസ്റ്റർ ചെയ്തത്. കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാറിനെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന്റെ എസ്പിയായി നിയമിച്ചു. തിരുവനന്തപുരം ഡിസിപി പി.നിഥിന്‍രാജിനെ കോഴിക്കോട് റൂറല്‍ എസ്പിയാക്കി.
കാഫിർ വിവാദത്തിൽ അന്വേഷണം ഇടതു ഗ്രൂപ്പുകളിൽ ആണ് എത്തിച്ചേർന്നിരിക്കുന്നതെന്ന് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ കാഫിർ എന്നു വിളിച്ചുകൊണ്ടുള്ള സ്ക്രീൻഷോട്ട് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിങിന്റെ തലേദിവസമാണ് വടകരയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.
കോഴിക്കോട് പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയെ കണ്ണൂരിലേക്കു മാറ്റി. വയനാട് ജില്ലാ പൊലീസ് മേധാവി ടി.നാരായണനാണ് പുതിയ കോഴിക്കോട് കമ്മിഷണർ. തപോസ് ബസുമത്താരിയാണ് പുതിയ വയനാട് എസ്പി. കോട്ടയം എസ്പി കെ.കാര്‍ത്തിക്കിനെ വിജിലന്‍സ്, ആന്റി കറപ്ഷന്‍ ബ്യൂറോ (ഹെഡ്ക്വാര്‍ട്ടേഴ്‌സ്) എസ്പിയായി നിയമിച്ചു. എ.ഷാഹുല്‍ ഹമീദാണ് പുതിയ കോട്ടയം എസ്പി.
ആലപ്പുഴ എസ്പി ചൈത്ര തെരേസാ ജോണിനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. എം.പി.മോഹന ചന്ദ്രനാണ് ആലപ്പുഴയുടെ പുതിയ എസ്പി. എറണാകുളം ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എസ്പി സുജിത് ദാസിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചു. ഡി.ശില്‍പയാണ് കാസര്‍കോടിന്റെ പുതിയ പൊലീസ് മേധാവി. കോഴിക്കോട് ഡിസിപി അനുജ് പലിവാളിനെ കണ്ണൂര്‍ റൂറല്‍ എസ്പിയായി നിയമിച്ചു. ബി.വി.വിജയ് ഭാരത് റെഡ്ഡിയാണ് പുതിയ തിരുവനന്തപുരം ഡിസിപി.