കൊച്ചി: കാഫിർ വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കാഫിർ പരാമർശം അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. യൂത്ത് ലീഗ് നേതാവ് കാസിമിൻറെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു പ്രചാരണം. കേസിൽ ഹരജിക്കാരനായ കാസിം ഇന്ന് മറുപടി സത്യവാങ്മൂലം സമർപ്പിക്കും. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ കാഫിർ ആണെന്ന് വിശേഷിപ്പിച്ചായിരുന്നു പോസ്റ്റ്.
അതിനിടെ കാഫിർ പോസ്റ്റ് വിവാദം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഉയർത്തും. പോസ്റ്റർ പ്രചരിപ്പിച്ച മുൻ എം.എൽ.എക്കെതിരെ കേസെടുത്തോ എന്നത് അടക്കമുള്ള ചോദ്യങ്ങളാണ് പ്രതിപക്ഷം ചോദ്യോത്തര വേളയിൽ ഉന്നയിക്കുന്നത്.
അതേസമയം കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിൽ മുൻ സിപിഎം എംഎൽഎ കെകെ ലതികയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് ലതിക ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. 'എന്തൊരു വർഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനിൽക്കണ്ടെ. ഇത്ര കടുത്ത വർഗീയത പ്രചരിപ്പിക്കരുത്'- എന്നായിരുന്നു പോസ്റ്റിൽ എഴുതിയിരുന്നത്.