വടകര ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ ആരോപണ വിധേയനായ അധ്യാപകന്‍ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം. അധ്യാപകനെ സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്. തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ആരോപണ വിധേയനായ റിബേഷ് ആറങ്ങോട് എംഎല്‍പി സ്‌കൂളിലെ അധ്യാപകനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു തലയെന്നാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നത്.
കാഫിര്‍ പരാമര്‍ശമടങ്ങിയ സ്‌ക്രീന്‍ ഷോട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണെന്നാണ് ആരോപണം. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍, റെഡ് എന്‍കൗണ്ടര്‍, റെഡ് ബെറ്റാലിയന്‍ തുടങ്ങിയ ഇടത് അനുകൂല സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലൂടെയാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത്. ഏറ്റവും ആദ്യം പോസ്റ്റ് ചെയ്തത് റെഡ് എന്‍കൗണ്ടര്‍ ആണെന്ന് പൊലീസ് കണ്ടെത്തി.
നേരത്തേ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തിന്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ആരോപണ വിധേയനായ എം എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ ഫോണ്‍ വടകര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഫോറന്‍സിക് പരിശോധനക്ക് അയക്കാനാണ് ഇത്.
അതേസമയം, കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി നിര്‍ദേശം നല്‍കി. മതസ്പര്‍ധ വളര്‍ത്തിയതിന് ചുമത്തുന്ന വകുപ്പുകള്‍ എന്ത് കൊണ്ട് ചുമത്തിയില്ല എന്നും കോടതി ചോദിച്ചു. എംഎസ്എഫ് നേതാവ് പികെ മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
അതേസമയം, അന്വേഷണത്തിന്റെ പുരോഗതിയില്‍ കോടതിക്ക് എതിര്‍പ്പില്ല. ഏത് ദിശയില്‍ വേണമെങ്കിലും അന്വഷണം നടത്താം. വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായും നീക്കം ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. സ്‌ക്രീന്‍ ഷോട്ടിനുപിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നേരത്തെ പൊലീസ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഫേസ്ബുക്കിലും വാട്‌സാപ്പിലും പ്രചരിച്ച സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം ഏതെന്നു വ്യക്തമാക്കാത്തതിനാല്‍ അവയുടെ മാതൃകമ്പനിയായ 'മെറ്റ'യെ കേസില്‍ പ്രതിചേര്‍ത്തെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
കാസിം പങ്കുവെച്ച പോസ്റ്റ് എന്ന രീതിയിലായിരുന്നു സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചിരുന്നത്. സിപിഐഎം ഇതിനെതിരെ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് കാസിമും പരാതി നല്‍കി. മുഹമ്മദ് കാസിമാണ് പോസ്റ്റുചെയ്തത് എന്നതിന് ഒരു തെളിവും കിട്ടിയില്ലെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ പോസ്റ്റ് ആദ്യം പങ്കുവെച്ചവരില്‍ ഒരാള്‍ ഡിവൈഎഫ്‌ഐ നേതാവാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹം അബന്ധവശാല്‍ പോസ്റ്റ് പങ്കുവെച്ചതാണെന്നും സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് യുഡിഎഫ് ക്യാമ്പില്‍ നിന്ന് തന്നെയാണെന്നുമായിരുന്നു സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അവകാശവാദം.