കെ സുധാകരന്റെ കൊലവിളി

കേരളത്തിലെ കോണ്‍ഗ്രസിന് കരുത്തുപോരെന്നു തോന്നിയപ്പോഴാണ് കണ്ണൂരിലെ ശക്തനായ നേതാവ് കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയത്. തെന്നല ബാലകൃഷ്ണ പിള്ളയെ പോലുളള തനി, കലര്‍പ്പില്ലാത്ത ഗാന്ധിയന്മാര്‍ ഇരുന്ന പദവിയാണ്.

author-image
Rajesh T L
New Update
udf

കണ്ണൂർ: കേരളത്തിലെ കോണ്‍ഗ്രസിന് കരുത്തു പോരെന്നു തോന്നിയപ്പോഴാണ് കണ്ണൂരിലെ ശക്തനായ നേതാവ് കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയത്. തെന്നല ബാലകൃഷ്ണ പിള്ളയെ പോലുളള തനി, കലര്‍പ്പില്ലാത്ത ഗാന്ധിയന്മാര്‍ ഇരുന്ന പദവിയാണ്. 

കണ്ണൂരിലെ തീപ്പൊരിയെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നായിരുന്നു കോണ്‍ഗ്രസുകാരുടെ മുറവിളി. കണ്ണൂര്‍ സിംഹം കെ പി സിസി പ്രസിഡന്റായി. പക്ഷേ, കോണ്‍ഗ്രസ് രക്ഷപ്പെട്ടോ. എവിടെ, അതിന്റെ തലവര തമ്മിലടിയും ഗ്രൂപ്പിസവും തന്നെ. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസിനെ സങ്കല്പിക്കാന്‍ പോലും കഴിയില്ല.

കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുമെന്നാണ് സ്ഥാനമേറ്റയുടന്‍ സുധാകര്‍ജി പറഞ്ഞത്. സെമി പോയിട്ട്, കോണ്‍ഗ്രസിനെ മര്യാദയ്ക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെ വെള്ളം കുടിക്കുകയാണ് കണ്ണൂര്‍ തീപ്പൊരി. ഈ തീപ്പൊരി വീണ് കോണ്‍ഗ്രസ് കത്തിപ്പോകുമോ എന്നു പോലും ഭയക്കുന്നവരുണ്ട്. 

കേരളത്തിന്റെ പതിവ് രീതി അനുസരിച്ച് ഇത്തവണ യുഡിഎഫിനായിരുന്നു ഭരണം കിട്ടേണ്ടിയിരുന്നത്. അത് പോലും നഷ്ടപ്പെട്ട് പെരുവഴിയിലാണ് കോണ്‍ഗ്രസ്.

അതിനിടയിലാണ് കണ്ണൂര്‍ സിംഹത്തിന്റെ അലര്‍ച്ച വാര്‍ത്തയാകുന്നത്. വെറും അലര്‍ച്ചയല്ല, പച്ചയായ കൊലവിളി. 

കോഴിക്കോട്, ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതര്‍ക്കെതിരെയാണ് കെപിസിസി അധ്യക്ഷന്റെ ഭീഷണി. വെള്ളിയാഴ്ച ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വിവാദ പരാമര്‍ശം.

'തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണം' എന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ കരാറെടുത്താണ് വരുന്നത്. അവര്‍ ഒന്നോര്‍ത്തോളൂ, എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. 

ഈ പാര്‍ട്ടിയോട് കൂറില്ലാത്തവരാണ്. കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാര്‍ക്കും ബിജെപിക്കാര്‍ക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുന്നവരാണ് അവര്‍. അത് അനുവദിക്കില്ല.

ചേവായൂര്‍ സഹകരണബാങ്കിനെ മറ്റൊരു കരുവന്നൂര്‍ ബാങ്ക് ആക്കി മാറ്റാന്‍ സമ്മതിക്കില്ല. അട്ടിമറിയിലൂടെയും ബലപ്രയോഗത്തിലൂടെയും ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വരും. പിന്നില്‍ നിന്ന് കുത്തിയവരെ വെറുതേ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചേവായൂര്‍ ബാങ്ക് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബാങ്ക് ചെയര്‍മാന്‍ ജി.സി.പ്രശാന്തിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തതിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അമ്പതിലധികം നേതാക്കന്‍മാര്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമതര്‍ മത്സരരംഗത്തെത്തിയത്.

ധാർഷ്ട്യത്തിന്റെ  പേരില്‍, കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവരാണ് കോണ്‍ഗ്രസുകാര്‍. ആ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്റെ കൊലവിളി വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ എതിരാളികള്‍ ആയുധമാക്കും എന്നുറപ്പാണ്.

kannur udf k sudhakaran kpcc