കെ- റെയിൽ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ റെയിലിൽ തുടർ നടപടികൾക്ക് സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കവേയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഡൽഹിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കെ- റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില തടസങ്ങളുണ്ട്. അവ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായല്ല കേന്ദ്രമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. റെയിൽവേ പദ്ധതികളുടെ വിലയിരുത്തൽ നടത്തിയ ശേഷം നടത്തിയ അഭിസംബോധനയിലാണ് കെ-റെയിലുമായി ബന്ധപ്പെട്ട് മന്ത്രി സംസാരിച്ചത്. കേന്ദ്ര സർക്കാർ ഫെഡറലിസത്തിൽ വിശ്വസിക്കുന്നു. അങ്കമാലി എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.
കെ-റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ടുപോകാൻതന്നെയാണ് തീരുമാനമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. വൈകാൻ കാരണം കേന്ദ്ര അനുമതി ലഭിക്കാത്തതാണെന്നും സർക്കാർ പറയുന്നു. ഈ സമയത്താണ് കെ-റെയിൽ പദ്ധതിയെ അനുകൂലിച്ച് റെയിൽവേ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.